ADVERTISEMENT

തിരുവനന്തപുരം∙ ബഹിരാകാശത്തുവച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം ജനുവരി 7ന് നടക്കും. ചൊവ്വാഴ്ച രാവിലെ 9നും 10 ഇടയിലാണ് സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള സ്പേസ് ഡോക്കിങ് നടത്തുകയെന്ന് ഐഎസ്ആർഒ അറിയിച്ചു. ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളെയാണ് കൂട്ടിച്ചേർക്കുക.

പരീക്ഷണം വിജയിച്ചാൽ ലോകത്ത് സ്പേസ് ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇതുവരെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് സ്പേസ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. 220 കിലോ വീതമാണ് ഉപഗ്രഹങ്ങളുടെ ഭാരം. പരസ്പരം 1–15 കിലോമീറ്റർ അകലെയായി നിർത്തുന്ന ഉപഗ്രഹങ്ങളെ അടുപ്പിച്ചാണ് ഡോക്കിങ് നടത്തുക.

ബഹിരാകാശത്ത് സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുക എന്ന ഇന്ത്യൻ സ്വപ്നം യാഥാർഥ്യമാക്കാനും സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ വഴികാട്ടിയാകും. ഭാവിയിൽ വമ്പൻ ഉപഗ്രഹങ്ങളെയും പര്യവേഷണ വാഹനങ്ങളെയും ചെറുഭാഗങ്ങളാക്കി ബഹിരാകാശത്തെത്തിച്ച ശേഷം അവിടെവച്ച് കൂട്ടിച്ചേർക്കാനും ഡോക്കിങ് സംവിധാനത്താൽ സാധ്യമാകും.

ഡിസംബർ 30ന് സ്പേഡെക്സ് ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമാക്കി ഇസ്രോ പൂർത്തിയാക്കിയിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പിഎസ്എൽവി സി60 റോക്കറ്റാണ് സ്പേഡെക്സിനെ ഭ്രമണപഥത്തിലെത്തിച്ചത്. രണ്ട് ഉപഗ്രഹങ്ങൾക്കു പുറമെ 24 പരീക്ഷണ ഉപകരണങ്ങളെക്കൂടി സ്പേഡെക്സ് ഭ്രമണപഥത്തിലെത്തിക്കും.

English Summary:

Isro's historic Space Docking Experiment, set for January 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com