കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു; ഗുരുതര പരുക്ക്
Mail This Article
കൊച്ചി∙ മറൈന്‍ ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്കു വീണ് ഗുരുതര പരുക്ക്. ഉമ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ അപകടത്തില്‍പ്പെട്ടതിന്‍റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് ഇന്നലെ രാത്രി ഏഴു മണിയോടെ ചെലവന്നൂര്‍ സ്വദേശിനി ബിന്ദുവിനു പരുക്കേറ്റത്. കയ്യുടെ ചലനശേഷി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണു കുടുംബം. ഫ്ളവർ ഷോ നടക്കുന്നിടത്ത് ഫസ്റ്റ് എയ്ഡ് സംവിധാനം പോലും ഇല്ലായിരുന്നെന്നു കുടുംബം ‘മനോരമ ന്യൂസിനോടു’ പറഞ്ഞു.
പവിലിയനിൽ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നിവീണാണ് ബിന്ദുവിന്റെ കയ്യിൽ രണ്ട് ഒടിവുണ്ടായത്. പവിലിയനിൽ വെള്ളം കെട്ടി ചെളി നിറഞ്ഞു കിടക്കുന്നതിനാൽ, ഷോ കാണാൻ എത്തുന്നവർക്കു നടക്കാനാണ് പവിലിയനിലാകെ പ്ലൈവുഡ് നിരത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിന്ദു. സംഭവത്തിൽ ജില്ലാ കലക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകി.
എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് അതോറിറ്റിയും (ജിസിഡിഎ) ചേർന്നാണ് എറണാകുളം മറൈൻ ഡ്രൈവിൽ കൊച്ചിൻ ഫ്ലവർ ഷോ-2025 സംഘടിപ്പിച്ചത്. ഒരാഴ്ചയായി നടക്കുന്ന, ഇന്ന് അവസാനിക്കേണ്ടിയിരുന്ന പരിപാടി ഉമ തോമസിന്റെ അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൊച്ചി കോർപറേഷൻ നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്ലവർ ഷോ നിർത്തി.