ചക്കയിടാൻ ശ്രമിച്ചു; തൊഴിലാളിയെ വെടിവച്ച് കൊന്ന തോട്ടമുടമ അറസ്റ്റിൽ
Mail This Article
ബെംഗളൂരു∙ കുടകിലെ തോട്ടത്തിൽ ചക്കയിടാൻ ശ്രമിച്ച ഗോത്രവർഗക്കാരനായ തൊഴിലാളി യുവാവ് പണിയേരവര പൊന്നണ്ണയെ (23) തോട്ടമുടമ വെടിവച്ചു കൊലപ്പെടുത്തി. തോട്ടം ഉടമ ചിന്നപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ് പ്ലാവിൽനിന്നു താഴെവീണ പൊന്നണ്ണയെ തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടക് ജില്ലയിലെ ചെമ്പേബെല്ലൂർ ഗ്രാമത്തിലാണു സംഭവം.
മരിച്ച പണിയേരവര പൊന്നണ്ണ ചിന്നപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു. ഇരട്ട ബാരൽ തോക്കുപയോഗിച്ച് പൊന്നണ്ണയെ വെടിവയ്ക്കുന്നതിനു മുൻപ് ചിന്നപ്പ ജാതി അധിക്ഷേപവും നടത്തി. തോട്ടത്തിലെ ജോലി കഴിഞ്ഞ് പൊന്നണ്ണയും ഭാര്യ ഗീതയും ചക്കയിടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. വെടിയേറ്റ് പ്ലാവിൽനിന്നു വീണ പൊന്നണ്ണയ്ക്കു മാരക പരുക്കേറ്റിരുന്നു. ചിന്നപ്പ ഉടൻ സ്ഥലം വിട്ടു.
വിരാജ്പേട്ട റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത ചിന്നപ്പ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കുടുംബത്തിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘർഷ സമിതി കുടക് കലക്ടറെ സമീപിച്ചു.