ട്രക്കിൽ ഐഎസ് പതാക; കൂട്ടക്കൊല നടത്തിയത് യുഎസ് സേനയിലെ മുൻ ഐടി വിദഗ്ധൻ
Mail This Article
വാഷിങ്ടൻ ∙ യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി നടത്തിയ വെടിവയ്പ്പിനു പിന്നിൽ പ്രവർത്തിച്ചത് 42 കാരനായ ഷംസുദ്ദീൻ ജബാർ എന്നു പൊലീസ്. 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണു വാഹനം ഇടിച്ചുകയറിയത്.
യുഎസ് പൗരനായ ഇയാൾ മുൻ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നുവെന്നു എഫ്ബിഐ അറിയിച്ചു. ഇയാളുടെ വാഹനത്തിൽ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂസ്റ്റണില്‍ റിയൽ എസ്റ്റേറ്റ് ഏജന്റായ ജബാർ സൈന്യത്തിൽ ഐടി സ്പെഷലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നത്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാൾ യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ എഫ്ബിഐ ഉദ്യോഗസ്ഥർ കണ്ടെത്തി.
2002ൽ മോഷണത്തിനും 2005ൽ അസാധുവായ ലൈസൻസുമായി വാഹനമോടിച്ചതിനും ജബാറിനെ അറസ്റ്റ് ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. 2022ൽ രണ്ടാം ഭാര്യയിൽനിന്നു ജബാർ വിവാഹമോചനം നേടിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണു വിവാഹമോചനത്തിനു കാരണമെന്നാണു നിഗമനം.