മന്നം ജയന്തി ആഘോഷം, നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടുമെന്ന് ഇറാൻ, അധികാരമേറ്റ് ഗവർണർ: പ്രധാനവാർത്തകൾ ഒറ്റക്ലിക്കിൽ
Mail This Article
മന്നം ജയന്തി ആഘോഷങ്ങൾ, നിമിഷപ്രിയ കേസ്, വീണ്ടും പാഠപുസ്തകം തിരുത്തി ബംഗ്ലദേശ് സർക്കാർ, പുതിയ കേരള ഗവര്‍ണറുടെ സത്യപ്രതിജ്ഞ, എഴുത്തുകാരൻ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ.
മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. 148-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നത്ത് ആചാര്യന്റെ ദർശനങ്ങൾ ഉൾക്കൊണ്ട് ഈ കാലത്തോളം മുന്നോട്ടു പോകാനായി എന്നതാണ് എൻഎസ്എസിനെ വ്യത്യസ്തമാക്കുന്നത്. അദ്ദേഹം സാമൂഹിക സാംസ്കാരിക മേഖലയിൽ വിപ്ലവകരമായ പരിവർത്തനം വരുത്തി.
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാൻ തയാറെന്ന് ഇറാൻ അറിയിച്ചു. ഡൽഹി സന്ദർശനത്തിനെത്തിയ ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. മാനുഷിക പരിഗണനവച്ചു സഹായിക്കാൻ തയാറാണെന്നാണ് അദ്ദേഹം അറിയിച്ചത്.
ബംഗ്ലദേശിൽ പാഠപുസ്തകങ്ങൾ തിരുത്തി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. 1971ൽ ബംഗ്ലദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനല്ലെന്നും മറിച്ച് ഖാലിദ സിയയുടെ ഭർത്താവ്, അന്തരിച്ച സിയാവുർ റഹ്മാനാണെന്നുമാണ് 2025 അക്കാദമിക വർഷത്തിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ പാഠപുസ്തകങ്ങളിൽ പറയുന്നത്.
കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര അർലേകറുടെ ഭാര്യ അനഘ അര്‍ലേക്കറും പങ്കെടുത്തു.
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ജയചന്ദ്രൻ നായർ (85) അന്തരിച്ചു. ബെംഗളൂരുവിലെ മകന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ 1957ൽ കൗമുദിയിൽ പത്രപ്രവർത്തനം തുടങ്ങിയ എസ്.ജയചന്ദ്രൻ നായർ ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു.