നടക്കാൻ 50 സെന്റിമീറ്റർ സ്ഥലം മാത്രം, മന്ത്രിയും പൊലീസും നോക്കിനിൽക്കെ ദുരന്തം; ഇനി കർശനം
Mail This Article
കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ താഴേക്കു വീഴുന്ന ദൃശ്യങ്ങൾ കൂടി പുറത്തു വന്നതോടെ ഉത്തരവാദപ്പെട്ടവർക്കെതിരെ കർശന നടപടിക്കു പൊലീസ് നീക്കം. മന്ത്രി സജി ചെറിയാൻ, ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള, എഡിജിപി എസ്.ശ്രീജിത്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവരുടെ കൺമുന്നിലായിരുന്നു അപകടം. ഉമ തോമസ് താഴേക്കു വീഴുമ്പോൾ രക്ഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത്രയും പ്രകടമായ സുരക്ഷാവീഴ്ച ഉണ്ടായിട്ടും ഉത്തരവാദപ്പെട്ടവർക്കുനേരെ ലഘുവായ നടപടികളാണു പൊലീസ് തുടക്കത്തിൽ സ്വീകരിച്ചത് എന്ന വിമർശനം ശക്തമായിരുന്നു. പിന്നീടാണ് ജാമ്യമില്ലാ വകുപ്പു കൂടി ഉൾപ്പെടുത്തിയത്.
സാമ്പത്തികലാഭം മുൻനിർത്തിയായിരുന്നു പരിപാടി എന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ സംഘാടകർക്കെതിരെ വിശ്വാസവഞ്ചന കേസ് കൂടി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംഘാടകരായ മൃദംഗവിഷന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. പരിപാടിയുടെ ബ്രാൻഡ് അംബാസഡറായിരുന്ന നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്കു മടങ്ങി എന്നാണു വിവരം. മറ്റുള്ളവരെ ചോദ്യം ചെയ്തശേഷം ദിവ്യ ഉണ്ണിയിൽനിന്ന് മൊഴിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
മൃദംഗവിഷൻ ഉടമ വയനാട് മേപ്പാടി സ്വദേശി നിഗോഷ് കുമാർ, പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഒസ്കാർ ഇവന്റ് കമ്പനി ഉടമ തൃശൂർ പൂത്തോൾ സ്വദേശി പി.എസ്.ജെനീഷ് എന്നിവർ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ ഹാജരായേക്കും. ഇവരുടെ മുൻകൂർജാമ്യം നിഷേധിച്ച് ഇന്ന് രണ്ടു മണിക്ക് പാലാരിവട്ടം പൊലീസ് മുൻപാകെ ഹാജരാകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്തേക്കും.
നേരത്തേ പരിപാടിയുടെ സംഘാടകരിലൊരാളായ ഇവന്റ് ഇന്ത്യ പ്രൊപ്രൈറ്റർ വാഴക്കാല സ്വദേശി കൃഷ്ണകുമാർ, മൃദംഗവിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, വേദി തയാറാക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി എന്നിവർ നേരത്തേ അറസ്റ്റിലായതിനുപിന്നാലെ താൽക്കാലികജാമ്യം അനുവദിച്ചിരുന്നു.
പരിപാടിക്കെത്തിയ ഉമ തോമസ് വേദിയുടെ പിന്നിലൂടെ നടന്ന് മുൻനിരയിലേക്കു വരുന്ന ദൃശ്യങ്ങളാണു നിലവിൽ പുറത്തു വന്നിട്ടുള്ളത്. വേദിയിലെത്തിയ ഉമ തോമസിനെ പരിപാടിയുടെ ബ്രാൻഡ് അംബാസഡർമാരിലൊരാളായ നടൻ സിജോയ് വർഗീസും ഒരു വനിതയും ചേർന്നു സ്വീകരിക്കുന്നതും അവർ കസേരയിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീടാണ് മന്ത്രിയും മറ്റും ഇരിക്കുന്നിടത്തേക്കു നീങ്ങാനായി ഉമ എഴുന്നൽക്കുന്നതും വേദിയിൽ ഉണ്ടായിരുന്ന വനിതയെ മറികടന്നു നടക്കാൻ ശ്രമിക്കുന്നതിനിടെ നില തെറ്റി ക്യൂ മാനേജറിൽ പിടിക്കാൻ ശ്രമിക്കുന്നതും താഴേക്കു പതിക്കുന്നതും.
വലിയ സുരക്ഷാ വീഴ്ച തന്നെയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. 50 സെന്റിമീറ്റർ സ്ഥലം മാത്രമാണ് ആളുകൾക്കു നടക്കാനായി ക്യൂ മാനേജറിനും കസേരകൾക്കും ഇടയിലായി ഉണ്ടായിരുന്നത്. അപകടം ഉണ്ടായതിനു തൊട്ടുപിന്നാലെ രണ്ടു നിരയായി ഇട്ടിരുന്ന കസേരകൾ സംഘാടകർ ഒറ്റ നിരയായി മാറ്റിയിരുന്നു.