ADVERTISEMENT

ന്യൂഡൽഹി ∙ ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പീഡനങ്ങളെ തുടർന്നാണു ഡൽഹിയിലെ കഫെ ഉടമ പൂനീത് ഖുറാന ആത്മഹത്യ ചെയ്തതെന്നു റിപ്പോർട്ട്. മരണത്തിനു മുൻപു റിക്കോഡ് ചെയ്ത വിഡിയോയിലാണ്, 40 വയസ്സുകാരനായ പൂനീത് ഖുറാന, ഭാര്യ മണിക പഹ്വയും പിതാവും മാനസികമായി പീഡിപ്പിച്ചതും നിറവേറ്റാനാകാത്ത ആവശ്യങ്ങൾ ഉന്നയിച്ചതും വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മോഡല്‍ ടൗണ്‍ പ്രദേശത്താണു പുനീതിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

പ്രയാസങ്ങൾ വിശദീകരിച്ചു പൂനീത് ഒട്ടേറെ വിഡിയോകൾ ചിത്രീകരിച്ചിട്ടുണ്ടെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരസ്പര സമ്മതത്തോടെ ആരംഭിച്ച വിവാഹമോചന നടപടികള്‍ ഭാര്യയുമായും ഭാര്യാപിതാവുമായും കടുത്ത തര്‍ക്കത്തിലേക്കു വഴിമാറിയെന്നാണു പുനീത് പറയുന്നത്. ‘‘എനിക്കു ചെയ്യാൻ കഴിയുന്നതിലേറെ നിബന്ധനകളുമായി അവർ സമ്മര്‍ദത്തിലാക്കുന്നു. ഇനിയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയാണ്, അത് നല്‍കാന്‍ കഴിയില്ല. എന്റെ മാതാപിതാക്കളോട് ആവശ്യപ്പെടാനും കഴിയില്ല. ഭാര്യയും പിതാവും ചേർന്ന് എന്നെ വളരെയധികം പീഡിപ്പിക്കുന്നു. ഈ സമ്മർദം താങ്ങാനാവില്ല, ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്.’’– വിഡിയോയിൽ പുനീത് പറഞ്ഞു.

മണിക പഹ്വയും സഹോദരിയും മാതാപിതാക്കളും നിരന്തരം ഉപദ്രവിച്ചതായി പൂനീതിന്റെ കുടുംബവും ആരോപിച്ചു. ‘‘ഈ അതിക്രമം സാമ്പത്തിക സമ്മര്‍ദങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. വൈകാരികമായും അവർ കുഴപ്പങ്ങളുണ്ടാക്കി. പൂനീതിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ മണിക ഹാക്ക് ചെയ്തിരുന്നു. പൂനീത് അനുഭവിച്ച പീഡനത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ 59 മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയും ഉണ്ട്’’– പുനീതിന്റെ സഹോദരി പറഞ്ഞു. പ്രശ്‌നങ്ങള്‍ മകൻ ആരുമായും പങ്കുവച്ചിരുന്നില്ലെന്നും ഭാര്യയും കുടുംബവും നിരന്തരം പീഡിപ്പിച്ചെന്നും നീതി വേണമെന്നും പുനീതിന്റെ അമ്മ പറഞ്ഞു.

ഡിസംബര്‍ 30ന്, പൂനീതും മണികയും വാക്കേറ്റത്തിലേര്‍പ്പെട്ടെന്നു സൂചനയുള്ള കോൾ റിക്കോഡ് പൊലീസിനു ലഭിച്ചിട്ടുണ്ട്. 31ന് വൈകിട്ട് നാലരയോടെ, കഴുത്തിനു ചുറ്റും മുറിവോടെ പൂനീതിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരണമാണെന്നു പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പൂനീതിന്റെ വിഡിയോ പ്രസ്താവനയും കോള്‍ റിക്കോര്‍ഡിങ്ങുകളും അടങ്ങിയ മൊബൈല്‍ ഫോണ്‍ തെളിവായി പിടിച്ചെടുത്തു.

LISTEN ON

2016ല്‍ ആണു പൂനീതും മണികയും വിവാഹിതരായത്. പ്രശസ്തമായ വുഡ്ബോക്സ് കഫെ ഇവരൊമിച്ചു നടത്തിയിരുന്നു. 2 വര്‍ഷത്തിനുള്ളില്‍ ബന്ധം വഷളായി, പരസ്പര സമ്മതത്തോടെ വിവാഹമോചന നടപടികൾ തുടങ്ങി. പുനീതിന്റെ മരണവും അനുബന്ധ കേസുകളും വടക്കുപടിഞ്ഞാറന്‍ ഡൽഹി ഡിസിപി ഭീഷ്മ സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. രണ്ടു കുടുംബങ്ങളുടെയും ആരോപണങ്ങളും സാമ്പത്തിക ഇടപാടുകളും സ്വത്തു തര്‍ക്കങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

English Summary:

Puneet Khurana Suicide: Delhi cafe owner Puneet Khurana committed suicide after enduring severe harassment from his wife and father-in-law.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com