കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല; കലോത്സവ പരാതി പരിഹരിക്കാൻ പ്രത്യേക ട്രൈബ്യൂണൽ
Mail This Article
കൊച്ചി∙ സ്കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കലോത്സവ മൂല്യനിർണയ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ട്രൈബ്യൂണൽ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കലോത്സവ പരാതികൾ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന ട്രൈബ്യൂണലിനെ നിയോഗിക്കണം. സ്കൂൾ കലോത്സവ ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ അനുമതി തേടിയുള്ള കുച്ചിപ്പുടി മത്സരാർഥിയുടെ ഹർജിയിലാണ് ഹൈക്കോടതി വിമർശനം. സ്കൂൾ കലോത്സവ മൂല്യനിർണയത്തിൽ ദുർഗന്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. കലോത്സവ മൂല്യ നിർണയത്തിന്റെ വേരുകൾ തേടിപ്പോയാൽ അക്കാര്യം വ്യക്തമാകും. വിധികർത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെയാണ് നിയമനമെന്നും ഹൈക്കോടതി പറഞ്ഞു. 63–ാം സംസ്ഥാന സ്കൂൾ കലോത്സവം നാളെയാണ് ആരംഭിക്കുന്നത്. 25 വേദികളിലായി 249 ഇനങ്ങളിൽ പതിനൊന്നായിരത്തോളം പ്രതിഭകൾ മത്സരിക്കും.