ചൈനയിൽ വീണ്ടും വൈറസ് വ്യാപനം: കുട്ടികൾക്കും പ്രായമായവർക്കും മുൻകരുതൽ; അടിയന്തരാവസ്ഥ?
Mail This Article
ബെയ്ജിങ്∙ കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കുട്ടികൾക്കിടയിലും വ്യാപകമായി ന്യൂമോണിയയും മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂമോണിയ പടർന്നുപിടിക്കുന്നതിൽ നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതായി ചൈനയുടെ രോഗനിയന്ത്രണ വിഭാഗത്തിൽനിന്ന് അറിഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ആദ്യം ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ ശൈത്യം ഒരു പ്രധാന ഘടകമാണ്. കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥയും പ്രധാനമാണ്. നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ല.