പുതുവർഷാഘോഷത്തിനിടെ ലൈംഗികാതിക്രമം; മകനും അമ്മയും കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Mail This Article
നവിമുംൈബ ∙ കാമോഠെയിലെ ഫ്ലാറ്റിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേരെ ഉൾവെയിൽ അറസ്റ്റ് ചെയ്തു. കാമോഠെ സെക്ടർ 6ലെ ഫ്ലാറ്റിൽ ഗീത ഭൂഷൺ (70), മകൻ ജിതേന്ദ്ര (45) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ജിതേന്ദ്രയുടെ പരിചയക്കാരായ സൻജ്യോത് മൻഗേഷ് (19), ശുഭം നാരായണി (19) എന്നിവരാണ് പിടിയിലായത്.
ഇവരെ ജിതേന്ദ്ര പുതുവർഷാഘോഷത്തിനു ക്ഷണിച്ചിരുന്നു എന്നും മദ്യപിച്ച ശേഷം ജിതേന്ദ്ര ലൈംഗികാതിക്രമം നടത്തിയതാണു കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. സൻജ്യോതും ശുഭവും ചേർന്ന് എക്സ്റ്റൻഷൻ ബോർഡിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് ജിതേന്ദ്രയെ കൊലപ്പെടുത്തിയത്. തുടർന്ന് അമ്മയെയും കൊലപ്പെടുത്തി.
മൊബൈൽ ഫോണുകളും പഴ്സും ലാപ്ടോപ്പും ആഭരണങ്ങളും കവർന്ന് പ്രതികൾ മുങ്ങി. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ തുറക്കാതിരിക്കുകയും ഫോണിൽ വിളിച്ചു കിട്ടാതിരിക്കുകയും ചെയ്തതോടെയാണു പൊലീസിൽ പരാതി നൽകിയത്. പൊലീസും അഗ്നിരക്ഷാസേനയും വാതിൽ തുറന്നപ്പോൾ പാചകവാതകം പടർന്ന നിലയിലായിരുന്നു. കിടപ്പുമുറികളിൽ നിന്നാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.