‘മോദി വീടുവച്ചിട്ടില്ലെന്ന് ജനങ്ങൾക്കറിയാം, ഔദ്യോഗിക വസതി പണിയാന്‍ കേജ്‌രിവാൾ ചെലവഴിച്ചത് കോടികൾ’
Mail This Article
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്ക് ആഡംബര വീട് നിർമിക്കാൻ കഴിയുമായിരുന്നെങ്കിലും സാധാരണ ജനങ്ങൾക്ക് വീടുവയ്ക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
10 വര്‍ഷത്തിൽ നാലുകോടി പൗരൻമാര്‍ക്ക് ബിജെപി സർക്കാർ, വീട് നല്‍കി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് 30,000ത്തിലധികം വീടുകള്‍ പിഎം ആവാസ് യോജനയുടെ കീഴില്‍ പണിതുനല്‍കി. മോദി സ്വന്തമായി വീടുവച്ചിട്ടില്ലെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാം. ജനങ്ങൾക്ക് വീടു നൽകുകയെന്നതാണ് എന്റെ സ്വപ്നം. കേജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പണിയാന്‍ കോടികളാണ് ചെലവഴിച്ചതെന്നും മോദി ആരോപിച്ചു. അണ്ണാ ഹസാരയെ മുൻനിർത്തി അധികാരത്തിലെത്തിയ പാര്‍ട്ടി ദുരന്തമായി മാറിയെന്നും ഡൽഹിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി പാവങ്ങളുടെ ശത്രുവാണെന്ന് പ്രധാനമന്ത്രിക്ക് മറുപടിയായി കേജ്‌രിവാൾ പറഞ്ഞു. വലിയ ഭൂരിപക്ഷത്തിൽ സർക്കാരിനെ തിരഞ്ഞെടുത്ത ഡൽഹിയിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. 2022 ഓടെ എല്ലാവർക്കും വീട് നൽകുമെന്ന് 2020ലെ പ്രകടന പത്രികയിൽ ബിജെപി പറഞ്ഞിരുന്നു. എന്നാൽ 2025 ആയപ്പോഴും അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന് കേജ്‌രിവാള്‍ പറഞ്ഞു. 10 ലക്ഷത്തിന്റെ വസ്ത്രം ധരിക്കുന്ന പ്രധാനമന്ത്രിക്ക് മണിമാളികയെപ്പറ്റി പറയാൻ അവകാശമില്ലെന്നും കേജ്‌രിവാൾ പറഞ്ഞു.