ഒന്നേമുക്കാൽ കി.മീ പിന്നിടാൻ ആറര മണിക്കൂർ; പതിനെട്ടാംപടി കയറാൻ നീണ്ട ക്യു
Mail This Article
ശബരിമല ∙ പതിനെട്ടാംപടി കയറാനും ദർശനത്തിനും ഇന്നും കിലോമീറ്റർ നീണ്ട ക്യു. ആറര മണിക്കൂറെങ്കിലും കാത്തുനിന്നാലേ പടി കയറാൻ പറ്റൂ. മരക്കൂട്ടം മുതൽ സന്നിധാനം വരെ ഒന്നേമുക്കാൽ കിലോമീറ്ററാണു ദൂരം. അത്രയും പിന്നിടാനാണ് ഈ സമയം. കൊച്ചുകുട്ടികളുമായി വരുന്നവർക്കു മരക്കൂട്ടം മുതൽ വലിയ നടപ്പന്തൽ വരെ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വരിനിന്നു കുട്ടികൾ തളരുന്നു. അവരെ തോളത്തിട്ട് ഒപ്പമുള്ളവരും വിഷമിക്കുകയാണ്.
11ന് നടക്കുന്ന എരുമേലി പേട്ടതുള്ളലിനായി ആലങ്ങാട് സംഘം പുറപ്പെട്ടു. രാവിലെ 11ന് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്കു ശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളും. അമ്പലപ്പുഴ സംഘം 6ന് തിരിക്കും. ആലങ്ങാട് യോഗക്കാർ ആലുവ ശിവരാത്രി മണപ്പുറത്തു സംഘടിച്ചു. മണപ്പുറം ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ പൂജിച്ചു തെളിച്ചു നൽകിയ ഭദ്രദീപം യോഗ പ്രതിനിധികൾ, കോമരങ്ങൾ, ഭക്തർ എന്നിവരുടെ സാന്നിധ്യത്തിൽ പെരിയോൻ എ.കെ.വിജയകുമാർ ഏറ്റുവാങ്ങി രഥത്തിൽ തെളിച്ചാണ് പേട്ട പുറപ്പാട് നടന്നത്. ഗോളകയും തിരുവാഭരണവും മഞ്ഞപ്ര ആസ്ഥാനത്തു പ്രതിഷ്്ഠിച്ച് അയ്യപ്പൻപൂജ നടത്തി.
അമ്പലപ്പുഴ സംഘത്തിൽ 7 കരയിൽ നിന്നുള്ള പ്രതിനിധികൾ വീടുകളിൽനിന്നു കെട്ട് മുറുക്കി 6ന് പുലർച്ചെ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. നിർമാല്യം തൊഴുത് ചുറ്റുവിളക്കു തെളിച്ച് കൃഷ്ണനു വെണ്ണ, ത്രിമധുരം, കദളിപ്പഴം എന്നിവ സമർപ്പിച്ചാണു സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ രഥയാത്രയായി നീങ്ങുന്നത്.