ADVERTISEMENT

തിരുവനന്തപുരം∙ കാമുകനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി 17നു വിധി പറയും. പ്രോസിക്യൂഷന്റെയും  പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രണയബന്ധത്തിൽനിന്നു പിന്മാറാത്തതാണ് കൊലപാതത്തിൽ കലാശിച്ചത്.

മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്‌മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ പറഞ്ഞു.

ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസിൽ വിഷം ചേർത്ത് ‘ജൂസ് ചാലഞ്ച്’ നടത്തിയിരുന്നു. അന്ന് ജൂസിന് കയ്പ്പായതിനാൽ ഷാരോൺ പൂർണമായി ഉപയോഗിച്ചില്ല. പിന്നീടാണ് കഷായത്തിൽ വിഷം ചേർത്തത്. ജൂസ് ചാലഞ്ചിനു മുൻപായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷയത്തെക്കുറിച്ച് സെർച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ച ശേഷം വീട്ടിൽനിന്നു പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്. 

ഈ വാദങ്ങൾ കെട്ടുകഥകൾ ആണെന്നും ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ തെളിവുകളുടെയും ഫൊറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടുന്നതായും പ്രോസിക്യൂഷൻ വാദിച്ചു. 2022 ഒക്ടോബർ പത്തിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് കേസ്.

വിഷത്തിന്റെ പ്രവർത്തനരീതി അന്നു രാവിലെ ഗൂഗിൾ സെർച്ചിലൂടെ ഗ്രീഷ്മ മനസ്സിലാക്കി. 11 ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ് ഐസിയുവിൽ ഷാരോൺ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസിൽ നിർണായകമായി.

English Summary:

Sharon Raj case verdict: The Neyyattinkara court will pronounce its judgment on the 17th in the case against Greeshma, accused of poisoning her boyfriend, Sharon Raj, with a pesticide-laced concoction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com