ADVERTISEMENT

കൊച്ചി∙ ‘‘കൊലപാതകത്തിനു പിന്നിൽ ഇരുവരുമാണെന്ന് പൊലീസിന് മനസിലായപ്പോൾ ദിവിൽ കുമാർ‍ സൈനിക ക്യാംപിൽ തന്നെയുണ്ടായിരുന്നു. ദിവിൽ കുമാർ ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അയാളെ ഉടൻ നാട്ടിലേക്ക് അയയ്ക്കണമെന്നും സൈനിക ക്യാംപിൽ അറിയിക്കുകയായിരുന്നു  പൊലീസ് ആദ്യം ചെയ്തത്. ഇതനുസരിച്ച് സൈനികവൃത്തങ്ങൾ മറ്റൊരു സൈനികനൊപ്പം ദിവിൽ കുമാറിനെ നാട്ടിലേക്ക് അയച്ചു. എന്നാൽ ഡൽഹിയിൽ വച്ച് ദിവിൽ കുമാർ മുങ്ങി. മറ്റൊരു പ്രതിയായ രാജേഷ് ഈ സമയം കൃത്യം നടത്തിയശേഷം തിരികെ പോവുകയായിരുന്നു. പുണെയിൽവച്ച് ഇയാളെയും കാണാതായി. അന്ന് ദിവിൽ കുമാറിനെ സൈനിക ക്യാംപിൽത്തന്നെ തടഞ്ഞു വയ്ക്കാൻ ആവശ്യപ്പെടുകയും അവിടെച്ചെന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിൽ ഇത്രയും വർഷങ്ങൾ നഷ്ടമാകില്ലായിരുന്നു.’’ – സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം സ്വദേശി എസ്. ജയകുമാർ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു. 

2006ൽ യുവതിയെയും 17 ദിവസം പ്രായമായ ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളും മുൻ സൈനികരുമായ അഞ്ചൽ സ്വദേശി ദിവിൽ കുമാറിനെയും കണ്ണൂർ സ്വദേശി രാജേഷിനെയും 19 വർഷങ്ങൾക്കു ശേഷം പുതുച്ചേരിയിൽ വച്ച് സിബിഐ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2010ലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. അന്ന് പത്താൻകോട്ടു അതിർത്തിയിലും നാസിക്കിലുമെല്ലാം താനടക്കമുള്ള ഉദ്യോഗസ്ഥർ പോയിരുന്നുവെന്നും 2021ൽ സർവിസിൽ നിന്നു വിരമിച്ച ജയകുമാർ പറഞ്ഞു. കുട്ടികളുടെ ഡിഎൻഎ പരിശോധനയെല്ലാം പൂർത്തിയായിരുന്നു എന്നും ദിവിലാണ് കുട്ടികളുടെ പിതാവ് എന്നറിയാൻ ആ ഫലങ്ങൾ അയാളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാൽ മാത്രം മതിയെന്നും ജയകുമാർ പറഞ്ഞു.

ആസൂത്രണം, തയാറെടുപ്പ്, നടപ്പാക്കൽ എന്നീ മൂന്നു കാര്യങ്ങളും പൂർണമായി നടപ്പായ ഒരു കേസായിരുന്നു അഞ്ചൽ രഞ്ജിനി വധമെന്നും ജയകുമാർ പറഞ്ഞു. ‘‘സൈന്യത്തിൽ നിന്ന് അവധി എടുത്ത് പ്രതികൾ കേരളത്തിൽ എത്തിയെങ്കിലും ദിവിലിന്റെ നാടായ അഞ്ചലിൽ പോയില്ല. യുവതി അമ്മയുമൊത്ത് താമസം മാറ്റിയിരുന്നതിനാൽ ഇവരുടെ സ്ഥലം കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. ഇവർ തിരുവനന്തപുരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരമറിഞ്ഞതോടെയാണ് അടുത്തഘട്ടമായ തയാറെടുപ്പുകൾ തുടങ്ങുന്നത്. ഇതിനായി രാജേഷിനെ ആശുപത്രിയിലേക്ക് വിട്ടു. അനില്‍ കുമാർ എന്ന പേരിൽ രാജേഷ് യുവതിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. തന്റെ പെങ്ങള്‍ പ്രസവത്തിനായി എത്തിയതാണെന്നും ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാജേഷ് അവരോട് പറഞ്ഞു. പ്രസവശേഷം രാജേഷ് തന്നെ ഇരുവരെയും ടാക്സിയിൽ വീട്ടിലെത്തിക്കുകയും ചെയ്തു. യുവതി താമസിക്കുന്ന സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ തയാറെടുപ്പും പൂർത്തിയാക്കി.

പിന്നീട് രാജേഷ് ഈ വീട്ടിൽ ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം വീട്ടിലെത്തുമ്പോഴാണ് യുവതിയുടെ അമ്മ പഞ്ചായത്തിലേക്കു പോകാൻ ഇറങ്ങുന്നത്. അമ്മയെ പഞ്ചായത്തിൽ കൊണ്ടിറക്കിയ ശേഷം താൻ മടങ്ങുകയാണെന്നു പറഞ്ഞ് പോയ രാജേഷ് വീട്ടിലേക്ക് തിരികെ എത്തി രഞ്ജിനിയെയും 2 കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി’’– ജയകുമാർ പറഞ്ഞു. ദിവിലിന്റെ കുട്ടികളാണ് എന്ന കേസ് നിലനിൽക്കുന്നതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് മുൻപ് കുട്ടികളെ മാറ്റുകയായിരുന്നു രാജേഷിന്റെ ലക്ഷ്യമെങ്കിലും അത് കൊലപാതകങ്ങളിലാണു കലാശിച്ചത്.

പ്രതികൾ തയാറെടുപ്പു നടത്തുന്നതിന്റെ ഭാഗമായി നാട്ടിലെത്തി ഒരു സെക്കന്‍ഡ് ഹാൻഡ് ബൈക്ക് വാങ്ങിയ കാര്യവും പ്രധാനമാണെന്ന് ജയകുമാർ ചൂണ്ടിക്കാട്ടുന്നു. പിന്നീട് ഇതിന്റെ ടയർ മാറ്റാൻ തീരുമാനിച്ചതു പോലും ആസൂത്രണത്തിന്റെ ഭാഗമായാണ്. അന്ന് കൊടുക്കാൻ പണമില്ലാത്തതിനാൽ എടിഎമ്മിൽ പോകാനുള്ള തീരുമാനമാണ് കേസിൽ പ്രതികളെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട രാജേഷ് വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ ഒരു പായ്ക്കറ്റിൽ കൊല നടത്തിയ വീട്ടിൽ മറന്നുവച്ചിരുന്നു. പൊലീസ് വീട് പരിശോധിച്ചപ്പോൾ ഇത് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കടയിൽ അന്വേഷിച്ചപ്പോൾ പ്രതി എടിഎമ്മില്‍ പോയി പണമെടുത്ത വിവരവും മനസിലാക്കി. 

16,000 രൂപയാണ് അന്ന് പിൻവലിച്ചത്. ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ പണം പിൻവലിച്ചത് സൈന്യത്തിലെ ഒരാളുടെ സാലറി അക്കൗണ്ടിൽനിന്നാണെന്നും അക്കൗണ്ട് ഉടമ രാജേഷാണെന്നും തെളിഞ്ഞു. കൊലപാതകം നടക്കുന്ന ദിവസം ദിവിൽ കുമാർ പത്താൻകോട്ടിലെ സൈനിക ക്യാംപിലെത്തി തിരിച്ചു ജോയിൻ ചെയ്തിരുന്നു. ഒരു വിധത്തിലും പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ പ്രതികൾ മുന്നൊരുക്കങ്ങൾ നടത്തിയ കേസാണിത്. എന്നാൽ ഏതു കേസിലും ഒരു തെളിവ് അവശേഷിക്കുന്നതു പോലെ ആ വീട്ടിൽ ഉപേക്ഷിച്ചു പോയ പായ്ക്കറ്റ് പ്രതികളിലേക്ക് എത്താൻ വഴിയാവുകയും ചെയ്തു.

English Summary:

Anchal Renjini twins Murder Case: CBI investigation uncovered a meticulously planned crime involving deception, evasion, and ultimately, a crucial piece of evidence left at the scene.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com