ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. വടക്കേ ഇന്ത്യയിലുടനീളം നൂറുകണക്കിന് വിമാനങ്ങളും നിരവധി ട്രെയിനുകളും വൈകി. മൂടൽ മഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിച്ചു. ഹരിയാനയിലെ ഹിസർ ഹൈവേയിൽ മൂടൽ മഞ്ഞ് കാരണമുണ്ടായ റോഡപകടത്തിൽ നാലു പേർ മരിച്ചു.

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ചില വിമാനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്തു. 360 വിമാനങ്ങൾ വൈകുകയും 60 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. പുലർച്ചെ 12.15നും 1.30നും ഇടയിൽ 15 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്.‘‘മൂടൽമഞ്ഞ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വേണ്ടി യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടണം.’’– വിമാനത്താവള അധികൃതർ അറിയിച്ചു.

കൊൽക്കത്ത വിമാനത്താവളത്തിൽ 65 വിമാനങ്ങൾ വൈകുകയും 5 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ചണ്ഡിഗഡ്, അമൃത്സർ,ആഗ്ര, തുടങ്ങി വടക്കെ ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലും വിമാന സർവീസുകൾ താറുമാറായി. റോഡ് വഴിയുള്ള യാത്രയിലും മൂടൽ മഞ്ഞ് വലിയ പ്രതിസന്ധിയാണ്. ഡൽഹി, നോയിഡ, ഗുരുഗ്രാം, ആഗ്ര തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം തെന്നിമറിയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ വേഗത കുറച്ചാണ് പോകുന്നത്.

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10.2 ഡിഗ്രി സെൽഷ്യസാണ് താപനില. അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞു. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമാണ്. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.

English Summary:

Delhi Weather: Thick fog delays over 200 flights in Delhi, trains hit across North India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com