പോൺ താരവുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം: ട്രംപിന്റെ കേസിൽ വിധി 10ന്, അധികാരമേൽക്കുന്നത് 20ന്
Mail This Article
വാഷിങ്ടൻ∙ യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഹഷ് മണി കേസിൽ ജനുവരി 10ന് വിധി വരും. പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അവർക്ക് പണം നൽകിയെന്നതാണ് കേസ്. 20നാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ട്രംപിനെ ജയിലിലേക്ക് അയയ്ക്കില്ലെന്ന് വിചാരണയ്ക്കു നേതൃത്വം നൽകിയ ജഡ്ജി ജുവാൻ എം. മെർക്കൻ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്നും നിർദേശമുണ്ട്. എന്നാൽ കേസിൽ എന്തു നടപടിയെടുത്താലും ക്രിമിനൽ കുറ്റകൃത്യത്തിന് (ഫെലണി ക്രൈം) വിചാരണ ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ് എന്ന ഖ്യാതി ട്രംപിന് ലഭിക്കും.
ശിക്ഷാവിധി റദ്ദാക്കണമെന്നും പ്രസിഡന്റ് ആകാൻ പോകുന്നതിനാൽ ആ പദവിയിൽ ഇരിക്കുന്നവർക്കു ലഭിക്കുന്ന പരിരക്ഷ (ഇമ്യൂണിറ്റി) തനിക്കും ബാധകമാണെന്നുമാണ് ട്രംപിന്റെ വാദം. എന്നാൽ ജനുവരി 20നാണ് ട്രംപ് സ്ഥാനമേൽക്കുക എന്നതിനാൽ ഈ പരിരക്ഷ ബാധകമല്ലെന്ന നിലപാടാണ് ജഡ്ജിയുടേത്. നീതി നടപ്പാക്കുക എന്നതു മാത്രമാണ് അന്തിമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ കേസ് ഒതുക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോൾ കേസ് നിലനിൽക്കുന്നത് ഭരണത്തെ ബാധിക്കുമെന്നായിരുന്നു ട്രംപിന്റെ അഭിഭാഷകരുടെ വാദം.
∙ എന്താണ് ട്രംപിനെതിരായ ഹഷ് മണി കേസ്?
2016ലെ തിരഞ്ഞെടുപ്പിന് മുൻപ് പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. ട്രംപുമായി 2006ൽ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയൽസ് കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാൻ ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയതെന്നാണ് കേസ്.
2006ൽ ഗോൾഫ് മത്സര വേദിയിലാണ് ട്രംപിനെ കണ്ടതെന്ന് സ്റ്റോമി മൊഴി നൽകിയിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ്. റിയാലിറ്റി ഷോയിലടക്കം അവസരം നൽകാമെന്നു വാഗ്ദാനം നൽകിയെന്നും വാഗ്ദാനം പാലിക്കപ്പെടാത്തതിനെ തുടർന്ന് ബന്ധത്തിൽനിന്നു പിൻവാങ്ങിയെന്നും സ്റ്റോമി കോടതിയെ അറിയിച്ചു. തന്റെ ഓർമക്കുറിപ്പുകൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങാതിരിക്കാനാണ് 1.30 ലക്ഷം ഡോളർ നൽകിയതെന്നും സ്റ്റോമി കോടതിയെ അറിയിച്ചു.