ബഹിരാകാശത്ത് നാലുദിവസത്തിൽ പയർവിത്ത് മുളപ്പിച്ച് ഐഎസ്ആർഒ; ചരിത്രനേട്ടം
Mail This Article
ബെംഗളൂരു∙ ബഹിരാകാശത്ത് ഉപഗ്രഹത്തിനുള്ളിൽ പയർവിത്ത് മുളപ്പിച്ച് ഐഎസ്ആർഒ. പിഎസ്എൽവി സി60 ദൗത്യത്തിൽ പ്രത്യേക ഉപഗ്രഹത്തിലാണു വിത്ത് അയച്ചത്. എട്ട് വിത്തുകളാണ് ഉള്ളത്. വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ച ക്രോപ്സ് (കോംപാക്ട് റിസർച്ച് മൊഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസ്) ഉപയോഗിച്ചാണ് പരീക്ഷണം.
ഭൂമിയിലെ അന്തരീക്ഷമൊരുക്കിയ ചെറിയ കാബിനിലാണ് പയർവിത്ത് സൂക്ഷിച്ചിരിക്കുന്നത്. ആവശ്യമായ അളവിൽ ഓക്സിജനും കാർബൺഡൈഓക്സൈഡും ഇതിലുണ്ട്. നിരീക്ഷിക്കാൻ ക്യാമറയും. നാലുദിവസം കൊണ്ടു പയർവിത്ത് മുളപൊട്ടിയത് ഐഎസ്ആർഒയുടെ ചരിത്ര നേട്ടമാണ്. ദിവസങ്ങൾക്കുള്ളിൽ കാർബൺഡൈഓക്സൈഡ് തീരുന്നതോടെ മുളയും നശിക്കും.
ഗുരുത്വാകർഷണത്തിന്റെ ദിശ, സൂര്യപ്രകാശം എന്നിവയോടു പ്രതികരിച്ച് സസ്യങ്ങൾ വളർച്ച ക്രമീകരിക്കുന്നത് എങ്ങനെയെന്നു പഠിക്കുകയാണ് ഈ നിർണായക ദൗത്യത്തിന്റെ ലക്ഷ്യം. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായതെല്ലാം അവിടെത്തന്നെ കൃഷി ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങൾ.