വനം നിയമ ഭേദഗതി ബില്‍: നിർദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി
Mail This Article
തിരുവനന്തപുരം∙ കേരള വനം നിയമ ഭേദഗതി ബില്‍ സംബന്ധിച്ചു പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 2024 ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.
ബില്ലിന്റെ മലയാളം പകര്‍പ്പ് നിയമസഭയുടെ വെബ് സൈറ്റില്‍ ലഭ്യമാകാന്‍ താമസിച്ചതിനാലാണു കാലാവധി ദീര്‍ഘിപ്പിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ വനം-വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാം. ഇപ്പോള്‍ നിലവിലുള്ള നിയമം മനസ്സിലാക്കിയശേഷം ബില്ലിലെ ഭേദഗതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. പ്രസിദ്ധീകരിച്ച ബില്‍ കേരള നിയമസഭയുടെ www.niyamasabha.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരള വനം നിയമ ഭേദഗതി വ്യവസ്ഥകളിൽ പലതും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതാണെന്നു വിമർശനം ഉയർന്നിട്ടുണ്ട്.
നിര്‍ദ്ദേശങ്ങൾ അയയ്ക്കേണ്ട വിലാസം:
അഡീഷനല്‍ ചീഫ് സെക്രട്ടറി,
വനം - വന്യജീവി വകുപ്പ്,
റൂം നമ്പര്‍. 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്,
ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695001
Email id: prlsecy.forest@kerala.gov.in
1961ലെ വനം നിയമമാണു ഭേദഗതി ചെയ്യുന്നത്. 2019ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഇതു കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും അവതരിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.