ആഗോളതലത്തിലെ വൈറൽ പനി: സംസ്ഥാനം സസൂക്ഷ്മം വിലയിരുത്തുന്നു, കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ആഗോളതലത്തിലെ വൈറൽ പനിയും ശ്വാസകോശ അണുബാധയും സംബന്ധിച്ച വാർത്തകൾ സംസ്ഥാനം സസൂക്ഷ്മം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെന്നും ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യമാണെന്നും മന്ത്രി പറഞ്ഞു.
മഹാമാരിയാകാൻ സാധ്യതയുള്ള, മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന വൈറസുകളെ ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. മലയാളികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളതിനാലും ചൈനയുൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നു പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും ജാഗ്രത പുലർത്തണം. മഹാമാരിയായി മാറിയേക്കാവുന്ന ജനിതക വ്യതിയാനങ്ങൾ ചൈനയിലെ വൈറസുകളിൽ ഒന്നിലും സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും നാം കരുതിയിരിക്കണമെന്ന് മന്ത്രി പറഞ്ഞു.
വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ എച്ച്എംപിവി വളരെയധികം ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ സാധ്യത കുറവാണ്. എങ്കിലും കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കണം. അതാണ് നിലവിൽ സർക്കാർ ചെയ്യുന്നത്. അതോടൊപ്പം ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ അവരെയും പ്രത്യേകമായി നിരീക്ഷിക്കും. പ്രവാസികൾക്ക് പ്രത്യേകമായ നിയന്ത്രണങ്ങൾ ഒന്നും തന്നെ നിലവിൽ ആവശ്യമില്ല.
വൈറസുകളിൽ കോവിഡ് 19ന്റെ പുതിയ ജനിതക വ്യതിയാനങ്ങൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ചൈനയിൽ ചർച്ചചെയ്യപ്പെടുന്ന തരത്തിൽ ന്യുമോണിയ രോഗം പടരുന്നുണ്ടെങ്കിൽ, അതിന് കാരണങ്ങളിൽ ഒന്ന് കോവിഡിന്റെ പുതിയ ജനിതകവ്യതിയാനങ്ങൾ ആണെങ്കിൽ കരുതിയിരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഹ്യൂമൻ മെറ്റാന്യൂമോണിയ വൈറസ് ഉൾപ്പെടെയുള്ള അണുബാധകൾ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അവരും മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ളവരും പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകളും കൂടുതൽ ജാഗ്രത പുലർത്തണം. രോഗങ്ങൾ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്കൂളിൽ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്കുകൾ ഉപയോഗിക്കണം. നിലവിൽ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ലെന്നും മന്ത്രി പറഞ്ഞു.