‘ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി; മാറ്റം തീരുമാനിക്കേണ്ടത് തന്ത്രി’
Mail This Article
കോഴിക്കോട്∙ ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികൾക്ക് എന്തെങ്കിലും നിർദേശമുണ്ടെങ്കിൽ തന്ത്രിയുമായി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാർ.
ആരാധനാലയങ്ങളിൽ ഉടുപ്പ് ഊരി പ്രവേശിക്കണമെന്ന നിബന്ധനയിൽ കാലാനുസൃതമായി മാറ്റംവരണമെന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചിരുന്നു. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും മറ്റ് ആരാധനാലയങ്ങൾ കൂടി ആ മാതൃക പിന്തുടരാൻ ഇടയാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.