പെരിയ കൊലക്കേസ്: 8 പ്രതികൾ വിയ്യൂർ ജയിലിൽ, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും
Mail This Article
കോട്ടയം∙ കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യാട്ടെ കൃപേഷ് (19), ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ 8 പ്രതികൾ വിയ്യൂര്‍ അതീവസുരക്ഷാ ജയിലിൽ. ഇവരെ ഇന്നോ നാളെയോ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ അധികൃതർ പറഞ്ഞു. അതീവ സുരക്ഷാ ജയിലിൽനിന്ന് കണ്ണൂരിലേക്ക് മാറ്റാൻ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നു.
ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ, സജി.സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ, ജി.ഗിജിൻ, ആർ.ശ്രീരാഗ്, എ.അശ്വിൻ, സുബീഷ് എന്നിവരും പത്താം പ്രതി ടി.രഞ്ജിത്തും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലാണ് കേസിന്റെ തുടക്കം മുതൽ കഴിഞ്ഞിരുന്നത്. 15–ാം പ്രതി എ.സുരേന്ദ്രനെ എറണാകുളം ജില്ലാ ജയിലിലേക്ക് പിന്നീട് മാറ്റി. ഇവരെല്ലാം കുറഞ്ഞത് 14 വർഷം കഠിനതടവ് അനുഭവിക്കണം. കോടതി നിർദേശപ്രകാരവും പ്രതികളുടെ അപേക്ഷ പരിഗണിച്ചുമാണ് വിവിധ ജയിലുകളിൽ പാർപ്പിക്കുന്നത്.
5 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട കെ.വി.കുഞ്ഞിരാമൻ, കെ.മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നിവരെ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവർ ഇതുവരെ ജയിലിൽ കിടന്നിട്ടില്ല. എ ബ്ലോക്കിലാണ് ഇവരുള്ളത്. എ ബ്ലോക്കിലെ പ്രത്യേക സെല്ലിലാണ് സുരേന്ദ്രൻ. ഇവരെ നാളെ കണ്ണൂർ ജയിലിലേക്ക് മാറ്റാനാണ് ആലോചന. ഇതോടെ പെരിയ കേസിലെ എല്ലാ പ്രതികളും കണ്ണൂർ ജയിലിലേക്കെത്തും. എറണാകുളം ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റെജി, എ.മധു, എ.ഹരിപ്രസാദ്, പി.രാജേഷ് എന്നിവരെ കോടതി വിട്ടയച്ചു. ഇവർ ജയിൽമോചിതരായി.
2019 ഫെബ്രുവരി 17ന് രാത്രിയാണ് കൊലപാതകം നടന്നത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങിയ കൃപേഷിനെയും ശരത്‌ലാലിനെയും ജീപ്പിലെത്തിയ അക്രമികൾ ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്ക് വിടുകയായിരുന്നു. സിബിഐ കുറ്റപത്രം സമർപ്പിച്ചപ്പോൾ പ്രതികൾ 14നു പകരം 24 ആയി. സിബിഐ കോടതി ഇതിൽ 14 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. 10 പേരെ വെറുതെ വിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തിയ 14 പേരിൽ 10 പേര്‍ക്ക് ശിക്ഷ കിട്ടി.