‘മലപ്പുറത്തെ അപമാനിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിന്മാറണം; ലീഗുമായി ഒരു കാലത്തും അകൽച്ച ഉണ്ടായിട്ടില്ല’
Mail This Article
മലപ്പുറം ∙ പാണക്കാട് തങ്ങൾ കുടുംബത്തെയും മുസ്‌ലിം ലീഗിനെയും പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മുസ്‌ലിം ലീഗുമായി ഒരു കാലത്തും അകൽച്ച ഉണ്ടായിട്ടില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം മുതൽ നല്ല ബന്ധമാണുള്ളത്. എല്ലാ മതസമൂഹങ്ങളെയും ചേർത്തു നിർത്തുന്ന സമീപനമാണ് കോൺഗ്രസും യുഡിഎഫും എന്നും സ്വീകരിക്കാറുള്ളത്. ഇന്നിന്റെ ആവശ്യം ഇതാണ്. അത് നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ജാമിഅ നൂരിയ്യയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഎം മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ പ്രായത്തിലും അദ്ദേഹം മലപ്പുറം ജില്ലയെ ആക്ഷേപിക്കാൻ ശ്രമിക്കുകയാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പാക്കിസ്ഥാൻ അനുകൂലികളുണ്ടായിരുന്നതെന്ന് അദ്ദേഹം പരാമർശിച്ചതായി അറിഞ്ഞു. മലപ്പുറം ജില്ലയെയും കേരളത്തെയും അപമാനിക്കാനുള്ള ശ്രമങ്ങളിൽനിന്ന് പിന്മാറണം. മതനിരപേക്ഷതയ്ക്കു പേരുകേട്ടതാണു മലപ്പുറം ജില്ലയും കേരളവുമെന്നും ചെന്നിത്തല പറഞ്ഞു.
ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ തുടങ്ങിയവരുമായി രമേശ് ചെന്നിത്തല ചർച്ച നടത്തി. യുഡിഎഫ് വിഷയങ്ങൾ ചർച്ച ചെയ്തോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു സ്വാഭാവികം എന്ന മറുപടിയാണ് ചെന്നിത്തല നൽകിയത്. എൻഎസ്എസിനും എസ്എൻഡിപിക്കും പിന്നാലെ രമേശ് ചെന്നിത്തല സമസ്തയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തുന്നത് നേരത്തേ രാഷ്ട്രീയ ചർച്ചയായിരുന്നു.