ഉമയുടെ വീഴ്ചയിൽ ‘ഒടുവിൽ’ അന്വേഷണം; 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട്, ഉഷയെ സസ്പെൻഡ് ചെയ്യും
Mail This Article
കൊച്ചി ∙ തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്കേൽക്കാനിടയായ കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് ‘ഒടുവിൽ’ അന്വേഷണം നടത്താൻ വിശാല കൊച്ചി അതോറിറ്റി (ജിസിഡിഎ)യും തീരുമാനിച്ചു. സംഭവത്തിൽ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപണം ഉയരുകയും വിജിലൻസിന് പരാതി ലഭിക്കുകയും ചെയ്തതോടെയാണു സംഭവം നടന്ന് 6 ദിവസങ്ങൾക്ക് ശേഷം അന്വേഷണം നടത്താനുള്ള തീരുമാനം. ജിസിഡിഎയുടെ ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് അന്വേഷണം നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുള്ളത്.
ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥിനാണ് അന്വേഷണ ചുമതല. സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അസി.എക്സി.എൻജിനീയർ എസ്.എസ്. ഉഷയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുനാനിച്ചു. അതോടൊപ്പം, സംഘാടകരായ മൃദംഗവിഷന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഇതിൽ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കായികേതര ആവശ്യങ്ങൾക്കു കലൂർ സ്റ്റേഡിയം മുൻകാലങ്ങളിലും നൽകിയിട്ടുണ്ടെന്നും ടർഫ് സംരക്ഷിച്ചുകൊണ്ടു ഭാവിയിലും ഇത്തരം ആവശ്യങ്ങളുടെ കാര്യത്തിൽ അതാതു സമയത്ത് ഉചിതമായ തീരുമാനമെടുക്കും എന്നുമാണു എക്സിക്യൂട്ടിവ് യോഗം വ്യക്തമാക്കിയിരിക്കുന്നത്.
സ്റ്റേഡിയം നൃത്തപരിപാടിക്കായി വിട്ടു നൽകിയതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് ഇന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. എന്നാൽ പൊലീസിന് ഇക്കാര്യങ്ങൾ പരിശോധിക്കാവുന്നതാണെന്നു ചന്ദ്രൻ പിള്ള പ്രതികരിച്ചു. എക്സിക്യൂട്ടീവിന്റെ അനുമതിയോടെയാണ് സ്റ്റേഡിയം നൽകിയതെന്നും ചന്ദ്രൻ പിള്ള പറഞ്ഞെങ്കിലും താൻ അത്തരമൊരു യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നാണു മേയർ എം.അനിൽകുമാർ പ്രതികരിച്ചത്. എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറിയെങ്കിലും പൊലിസ് എത്തി ഇവരെ മാറ്റിയിരുന്നു.