‘ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാകില്ല; ആദ്യം പഞ്ചായത്തിൽ ജയിക്കണം, പിന്നെ നിയമസഭയിൽ ജയിക്കണം’
Mail This Article
കോഴിക്കോട്∙ ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാകില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുസ്‌ലിം ലീഗും എൻഎസ്എസ് ജനറൽ സെക്രട്ടറിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിനെ സംബന്ധിച്ചായിരുന്നു കെ.മുരളീധരന്റെ പരോക്ഷ പ്രതികരണം.
‘‘ആദ്യം പഞ്ചായത്തിൽ ജയിക്കണം. പിന്നെ നിയമസഭയിൽ ജയിക്കണം. അതിനുശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാകില്ല. അതിനു കോൺഗ്രസിന് ചിട്ടവട്ടങ്ങളുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ അഭിപ്രായം നോക്കണം.
ഡൽഹിയിൽനിന്നുള്ള അഭിപ്രായം അറിയണം. ഖർഗെയും രാഹുൽ ഗാന്ധിയും ഉള്ളപ്പോൾ ഇക്കാര്യം ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമില്ല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി യുഡിഎഫിൽ തർക്കം ഉണ്ടാകില്ല. സമുദായങ്ങൾ കോൺഗ്രസിനെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്.’’– കെ.മുരളീധരൻ പറഞ്ഞു.