സുരേന്ദ്രനും ശോഭ സുരേന്ദ്രൻ വിഭാഗവും അടുക്കുന്നു, ബിജെപിയിൽ പുതിയ സമവാക്യങ്ങൾ; തലപ്പത്ത് എം.ടി. രമേശ് ?
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബിജെപിക്കുള്ളില്‍ നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍ പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍. അകല്‍ച്ചയിലായിരുന്ന ശോഭാ സുരേന്ദ്രന് വിഭാഗവും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കൂടുതല്‍ അടുക്കുന്നുവെന്നു റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനിടയില്‍ വയനാട് ദുരന്തം സംബന്ധിച്ച് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന് നടത്തിയ പരാമര്‍ശം സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കിയതോടെയാണു പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടത്. രണ്ടു പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ മാത്രമാണ് ഒലിച്ചുപോയത് എന്ന തരത്തില്‍ വി.മുരളീധരന് ലാഘവത്തോടെ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിക്കു ദോഷം ചെയ്തുവെന്നാണ് കെ. സുരന്ദ്രന്റെ നിലപാട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായിരുന്നു മുരളിയുടെ വിവാദപരാമര്‍ശം. മുരളീധരന്റെ പ്രസ്താവനയെ ന്യായീകരിക്കാനില്ലെന്നു പിന്നീട് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന് പറയുകയും ചെയ്തിരുന്നു. ഇതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അതൃപ്തി പുകയുന്നതിനിടെയാണു ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ കെ. സുരേന്ദ്രന്റെ തണലിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ ശോഭാ സുരേന്ദ്രന് നേതൃമാറ്റം സംബന്ധിച്ചുള്ള വിഷയങ്ങളും ധരിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. പി.കെ.കൃഷ്ണദാസും എ.എന്‍.രാധാകൃഷ്ണനും ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
നിലവില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് എം.ടി.രമേശിനാണ്. ആര്‍എസ്എസിന്റെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്‍പ്പെടെ സമ്മതനായ മുതിര്‍ന്ന നേതാവാണെന്നതും രമേശിന് മുന്‍തൂക്കം നല്കുന്ന കാര്യങ്ങളാണ്. മത്സരത്തിലേക്കു പോകാതെ സമവായത്തിലൂടെ അധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികളാണ് കേന്ദ്രനേതൃത്വം നടത്തുന്നത്. ഇതിനായി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അടുത്തു തന്നെ കേരളത്തില്‍ എത്തി ചര്‍ച്ചകള്‍ ആരംഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ താഴേത്തട്ടില്‍ സംഘടനാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശേഷിയുള്ളയാള്‍ തന്നെ നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന് ഉറപ്പിക്കുകയെന്നതാണ് കേന്ദ്രനേതൃത്വത്തിനു മുന്നിലുള്ള വെല്ലുവിളി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 20 ശതമാനം വോട്ട് നേടാന്‍ ബിജെപിക്കു കഴിഞ്ഞത് കെ.സുരേന്ദ്രനു നേട്ടമായെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് പാര്‍ട്ടിക്കു കടുത്ത തിരിച്ചടി നേരിടേണ്ടിവന്നത് എതിര്‍പക്ഷം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പാര്‍ട്ടി പ്രതീക്ഷിച്ച വോട്ടിന് അടുത്തുപോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിനു വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപം അണികള്‍ക്കിടയിലും ശക്തമാണ്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സന്ദീപ വാര്യരെ പോലെ ഒരു നേതാവ് പാര്‍ട്ടി വിട്ട് എതിര്‍ചേരിയിലേക്കു പോകുന്നത് തടയേണ്ടതായിരുന്നുവെന്നു പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. 14 ജില്ലാ കമ്മിറ്റികളെ 30 ജില്ലാ കമ്മിറ്റികളായി വിപുലീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ പാര്‍ട്ടി തന്ത്രങ്ങള്‍ മെനയുമ്പോള്‍ തലപ്പത്തേക്ക് ആരെത്തുമെന്നതാണ് നിര്‍ണായകമാകുന്നത്.