‘നീ കത്തെഴുത്’: രഞ്ജിനിയോട് രാജേഷ്, പൂർത്തിയാക്കും മുൻപേ കഴുത്തിൽ കുത്തി; സുഹൃത്തിനെ ‘രക്ഷിക്കാൻ’ അരുകൊല
Mail This Article
കൊല്ലം∙ അഞ്ചൽ സ്വദേശിനി രഞ്ജിനിയെയും ഇരട്ടക്കുട്ടികളെയും കണ്ണൂർ ശ്രീകണ്ഠാപുരത്തിനു സമീപം കൈതപ്രം പുതുശേരി വീട്ടിൽ രാജേഷ് (47) കൊലപ്പെടുത്തിയത് അതിക്രൂരമായി. രഞ്ജിനിയുടെ കഴുത്തിലും നെഞ്ചിലും പലതവണ കുത്തി. കുട്ടികളുടെ കഴുത്തറുത്തു. കൂട്ടുകാരനായ അഞ്ചൽ അലയമൺ ചന്ദ്രവിലാസത്തിൽ ദിവിൽ കുമാറിനെ (40) രക്ഷിക്കാനായിരുന്നു കൊലപാതകം. കുഞ്ഞുങ്ങളുടെ പിതൃത്വത്തെ ചൊല്ലി ദിവിൽകുമാറുമായുള്ള രഞ്ജിനിയുടെ കേസ് വനിതാ കമ്മിഷന്റെ പരിഗണനയിലായിരുന്നു. ബന്ധം ഒഴിവാക്കാനായിരുന്നു കൊലപാതകം.
അതികൂരമായ കൊലപാതകമായിരുന്നെന്ന് അന്ന് കേസ് അന്വേഷിച്ച എസ്പി എ.ഷാനവാസ് മനോരമ ഓൺലൈനോട് പറഞ്ഞു. പട്ടാള ക്യാംപിൽ വച്ചാണ് രാജേഷും ദിവിലും പരിചയപ്പെടുന്നത്. ഇരുവരും വലിയ സൗഹൃദത്തിലായി. ദിവിലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് രാജേഷ് ഉറപ്പു നൽകി. രാജേഷ് നാട്ടിലെത്തി രഞ്ജിനിയുടെ കുടുംബവുമായി അടുപ്പം സ്ഥാപിച്ചു. ദിവിൽ കുമാറുമായുള്ള ബന്ധം മറച്ചുവച്ച് അയാളെ കണ്ടെത്തി നൽകാമെന്ന് രഞ്ജിനിക്ക് ഉറപ്പ് നൽകി. ദിവിൽ കുമാറിന്റെ വീടിന് അടുത്താണ് രഞ്ജിനി താമസിച്ചിരുന്നത്. രാജേഷ് രഞ്ജിനിയെയും അമ്മയെയും 6 കിലോമീറ്റർ അകലെയുള്ള വാടക വീട്ടിലേക്ക് മാറ്റി. കൊലപാതകം നടത്താനായിരുന്നു വീട് മാറൽ.
കൊലപാതകം നടന്ന ദിവസം രഞ്ജിനിയുടെ വീട്ടിലെത്തിയ ദിവിൽ അമ്മയെ പുറത്തേക്ക് പറഞ്ഞയച്ചു. അതിനുശേഷം രഞ്ജിനിയോട് സംസാരിച്ചു. ദിവിലിനെ കണ്ടെത്തി നൽകാമെന്ന് ഉറപ്പു നൽകി. ‘‘നീ പട്ടാള അധികാരികൾക്ക് നൽകാൻ കത്തെഴുത്, ഞാനത് ഹിന്ദിയിലാക്കി അയക്കാം’’ എന്ന് രാജേഷ് പറഞ്ഞതനുസരിച്ച് രഞ്ജിനി കത്തെഴുതി തുടങ്ങി. പൂർത്തിയാകുന്നതിനു മുൻപ് രാജേഷ് രഞ്ജിനിയുടെ കഴുത്തിൽ കുത്തി. പിന്നീട് നെഞ്ചിലും കുത്തി. രഞ്ജിനി മരിച്ചു എന്നുറപ്പാക്കിയശേഷം, കട്ടിലിൽ കിടക്കുകയായിരുന്ന രണ്ട് കുട്ടികളുടെയും കഴുത്തറുത്തു. അമ്മ തിരികെയെത്തിയപ്പോഴാണ് വീടിനു വലതുഭാഗത്തെ മുറിയിൽ മൃതദേഹങ്ങൾ കണ്ടത്. പൊലീസെത്തുമ്പോൾ മുറി നിറയെ രക്തമായിരുന്നു.
കുട്ടികൾ ജനിക്കുന്നതിനു മുൻപു തന്നെ രഞ്ജിനിയെ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നതായാണ് രാജേഷ് പൊലീസിനു മൊഴി നൽകിയത്. ദിവിലുമായുള്ള ബന്ധം ഒഴിയാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി രണ്ടു മാസത്തെ ആസൂത്രണം നടത്തി. രാജേഷ് കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാജേഷ് വീട്ടിലെക്കു വന്ന ബൈക്കും കണ്ടെത്താനുണ്ട്.