‘ഇനി അവകാശവാദം ഉന്നയിക്കാനില്ല’: ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യത്തിൽനിന്ന് എൻസിപി പിന്നോട്ട്
Mail This Article
തിരുവനന്തപുരം ∙ മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽനിന്ന് എൻസിപി പിന്നോട്ട്. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാകില്ലെന്നു മുഖ്യമന്ത്രി വീണ്ടും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എൻസിപി വഴങ്ങിയത്. ഇനി അവകാശവാദം ഉന്നയിക്കില്ലെന്നു പി.സി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു.
ഇന്നലെ രാത്രിയിലെ കൂടിക്കാഴ്ചയിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ പറ്റില്ലെന്ന് പിണറായി വിജയൻ ചാക്കോയോട് പറഞ്ഞു. ഇന്ന് ചേർന്ന ഭാരവാഹിയോഗത്തിൽ ചാക്കോ ഇക്കാര്യം വ്യക്തമാക്കി. ഇനി മന്ത്രിമാറ്റത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഐക്യസന്ദേശം പാർട്ടിക്കാർക്ക് നൽകണമെന്നായി ഭാരവാഹികളുടെ നിലപാട്. ഇതോടെ സംസ്ഥാന പ്രസിഡന്റും മന്ത്രിയും ചേർന്ന് സംസ്ഥാന പര്യടനം നടത്താൻ ഭാരവാഹി യോഗത്തിൽ തീരുമാനമായി.
ദേശീയ നേതൃത്വവും ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്‍റുമാരും തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനൊപ്പമായിട്ടും നടക്കാതെ പോയതിനു കാരണം മുഖ്യമന്ത്രിയുടെ ഒറ്റ നിലപാടാണ്. അതിനിടെ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്ന ഉറപ്പ് തോമസ് കെ. തോമസിനു ലഭിച്ചതായും സൂചനയുണ്ട്.