വർഗീയ ശക്തികളുമായി കൂട്ടുകൂടി സീറ്റ് പിടിക്കാൻ തത്രപ്പാട്; യുഡിഎഫിൽ ലീഗ് പിടിമുറുക്കിയെന്ന് മുഖ്യമന്ത്രി
Mail This Article
പാമ്പാടി ∙ വർഗീയ ശക്തികളുമായി കൂട്ടുകൂടി ഏതുവിധേനയും സീറ്റ് പിടിക്കാനുള്ള തത്രപ്പാടിലാണ് മുസ്‌ലിം ലീഗെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ ഈ നിലപാടിനു കോൺഗ്രസും കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നാട് മതനിരപേക്ഷതയ്ക്കാണു പ്രധാന്യം നൽകുന്നത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ വർഗീയ ശക്തികളെ തൃപ്തിപ്പെടുത്തേണ്ട സ്ഥിതിയാണ് യുഡിഎഫിന്. ഭൂരിപക്ഷം ഇസ്‌ലാം മത വിശ്വാസികൾ തള്ളിക്കളഞ്ഞ വിഭാഗമാണ് എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും. എങ്ങനെയെങ്കിലും ഏതു ശക്തികളുമായും കൂട്ടു ചേർന്നു കുറച്ചു സീറ്റു പിടിക്കാനുള്ള തത്രപ്പാടിലാണു ലീഗ്. നേരത്തെ കോ–ലീ–ബി സഖ്യം ആയിരുന്നെങ്കിൽ ഇനി മറ്റു സഖ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. യുഡിഎഫിൽ ലീഗ് പിടിമുറുക്കിയിരിക്കുകയാണ്. വർഗീയതയാകുന്ന ഇരുട്ടിനെ മതനിരപേക്ഷതയെന്ന വെളിച്ചം കൊണ്ടു എതിർത്തു തോൽപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഭൂരിപക്ഷം ന്യൂനപക്ഷം എന്നീ നിലയിൽ വർഗീയത ഉയരുന്നു. അതിനാൽ ജനാധിപത്യ മതനിരപേക്ഷ ശക്തികൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഭൂരിപക്ഷ വർഗീയത സമൂഹത്തിനു ഗുണമുണ്ടാക്കില്ല. ഭൂരിപക്ഷ വർഗീയത കണ്ട് ന്യൂനപക്ഷവും വർഗീയതയിലേക്ക് തിരിഞ്ഞാൽ അത് ആത്മഹത്യാപരമായിരിക്കും. ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിക്കുന്ന സ്ഥിതിയിലേക്ക് അതു പോകും. 2016ൽ ബിജെപിക്ക് നേമത്തുനിന്ന് അക്കൗണ്ട് തുറക്കാൻ സാധിച്ചത് കോൺഗ്രസ്– ബിജെപി ധാരണയുടെ ഫലമാണ്. തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൺപതിനായിരത്തിൽ അധികം വോട്ടുകൾ കോൺഗ്രസിനു നഷ്ടമായെന്നും ബിജെപിക്ക് സീറ്റ് ലഭിക്കാൻ ഇതാണു കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.