ADVERTISEMENT

നിലമ്പൂര്‍ ∙ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും മുന്നും പിന്നും നോക്കാതെ ആക്രമിക്കാൻ അടുത്തിടെ വരെ സിപിഎമ്മിന്റെ ആയുധമായിരുന്നു പി.വി. അൻവർ. ഒടുവിൽ പാർട്ടിയുമായി തെറ്റി ഭരണപക്ഷത്തെയാകെ വെറുപ്പിച്ചാണ് അൻവർ അറസ്റ്റിലാകുന്നത്. അൻവറിനെ പുകഴ്ത്തിയവർ തന്നെ ഇകഴ്ത്തുന്ന കാഴ്ചയാണു രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലയളവിൽ കണ്ടത്. ഇതിൽ‌ മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടും. ഇതിനിടെയാണു വന്യജീവി ആക്രമണത്തിനെതിരെയുള്ള മാര്‍ച്ച് നടത്താന്‍ അന്‍വറും സംഘവും രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം കരുളായിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കൂടിയുണ്ടായതോടെ ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഇത് അക്രമങ്ങളിലേക്ക് പോവുകയും പൊതുമുതല്‍ നശിപ്പിച്ചതിനു പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സംഭവമാണ് അൻവറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

എഡിജിപി അജിത് കുമാറിനെയും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെയും വിമർശിച്ച് തുടങ്ങിയ അൻവർ അവരെ അറസ്റ്റ് ചെയ്യിച്ച് ജയിലിലടയ്ക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്നു. ഒടുവിൽ അന്‍വര്‍ ജയിലിലേക്ക് പോവുന്ന കാഴ്ചയാണു രാഷ്ട്രീയ കേരളം കാണുന്നത്. താൻ‌ ജീവിച്ചിരിക്കുന്നിടത്തോളം കാലം അജിത് കുമാറിനെ ‍ഡിജിപിയാക്കില്ലെന്നും ജയിലിൽ അടയ്ക്കുമെന്നും കഴിഞ്ഞദിവസവും അൻവർ പറഞ്ഞിരുന്നു.

ഫോറസ്റ്റ് ഓഫീസ് ആക്രമണമെന്ന ജാമ്യമില്ലാ കേസ് അൻവറിനെതിരെ കിട്ടിയത് ഭരണപക്ഷത്തിനും പിടിവള്ളിയായി. അൻവർ പൊലീസിനു എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പരാതി എഴുതി വാങ്ങി വിവാദം അവസാനിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടിയും ആദ്യം ശ്രമിച്ചത്. മലപ്പുറത്തുനിന്നു തിരുവനന്തപുരത്ത് നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മാധ്യമങ്ങളെ കണ്ട അന്‍വര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും അൻവർ ആരോപണങ്ങൾ കടുപ്പിച്ചു. ഇതാണ് അന്‍വറിന് എൽഡിഎഫിൽ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയത്. 

മുന്നണിയിൽ നിന്നും പുറത്തായ ശേഷവും നിരന്തരം വാര്‍ത്താസമ്മേളനം വിളിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കൽ അന്‍വര്‍ തുടര്‍ന്നു. പൊതുസമ്മേളനങ്ങള്‍ വിവിധ സ്ഥലങ്ങളിൽ നടത്തി. പല പാര്‍ട്ടികളിലേക്കും ചേക്കേറാനുള്ള ശ്രമം നടത്തിയെങ്കിലും ഒടുവില്‍ ഡിഎംകെ എന്ന കക്ഷിയുണ്ടാക്കി. ചേലക്കരയില്‍ ഡിഎംകെയുടെ സ്ഥാനാര്‍ഥി മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ പിന്നീട് അന്‍വറിന് കഴിഞ്ഞില്ല. ഇതിനിടെയാണ് അന്‍വറിന് ജയിലിലേക്കുള്ള വഴി അദ്ദേഹം തന്നെ വെട്ടിത്തെളിച്ചത്.

English Summary:

P.V. Anvar's Arrest: P.V. Anvar's arrest followed a violent protest. His relentless attacks on the government after being expelled from the LDF and forming the DMK, resulted in his imprisonment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com