വിമാനങ്ങള്‍ക്കായി മോദി ചെലവഴിച്ചത് 600 കോടിയോളം; വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് വീണു മരിച്ചു: പ്രധാനവാർത്തകള്‍
Mail This Article
നരേന്ദ്ര മോദിയുടെ വിദേശയാത്രചിലവുകൾ, മെഡിക്കൽ വിദ്യാർഥിനിയുടെ മരണം, പ്രസിഡന്റാകാൻ ബിജെപി നേതാക്കൾ, അഞ്ചൽ കൊലക്കേസിലെ കൂടുതൽ വിവരങ്ങൾ, ഹെലികോപ്റ്റർ തകർന്ന സംഭവം തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ.
കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റർ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ 2 പേർ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്‍ന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎല്‍എച്ച്) ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്.
അഞ്ചൽ സ്വദേശിനി രഞ്ജിനിയെയും ഇരട്ടക്കുട്ടികളെയും കണ്ണൂർ ശ്രീകണ്ഠാപുരത്തിനു സമീപം കൈതപ്രം പുതുശേരി വീട്ടിൽ രാജേഷ് (47) കൊലപ്പെടുത്തിയത് അതിക്രൂരമായി. രഞ്ജിനിയുടെ കഴുത്തിലും നെഞ്ചിലും പലതവണ കുത്തി. കുട്ടികളുടെ കഴുത്തറുത്തു. കൂട്ടുകാരനായ അഞ്ചൽ അലയമൺ ചന്ദ്രവിലാസത്തിൽ ദിവിൽ കുമാറിനെ (40) രക്ഷിക്കാനായിരുന്നു കൊലപാതകം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു വര്‍ഷത്തെ വിദേശ സന്ദര്‍ശനത്തിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ചെലവഴിച്ചത് 600 കോടിയോളം രൂപ. 2014 മേയ് 26 മുതല്‍ 2019 നവംബര്‍ 15 വരെയുള്ള കണക്കാണിത്. 2021 മുതലുള്ള കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല.
പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപി നടപടികൾ ആരംഭിക്കാനിരിക്കെ നിലവിലെ അധ്യക്ഷൻ കെ.സുരേന്ദ്രന്‍ തുടരുമോ ഒഴിയുമോ എന്നതിൽ ചർച്ചകൾ സജീവം. അഞ്ചു വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ് കെ.സുരേന്ദ്രൻ. 3 വർഷമാണ് ഒരു ടേം. കേന്ദ്ര നേതൃത്വം സുരേന്ദ്രന് കാലാവധി നീട്ടി നൽകുകയായിരുന്നു. പ്രസിഡന്റായ സുരേന്ദ്രന് മത്സരിക്കാൻ തടസ്സമില്ല.
പറവൂർ ചാലായ്ക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂർ ഇരിക്കൂർ പെരുവിലത്തുപറമ്പ് നൂർ മഹലിൽ മജീദിന്റെയും സറീനയുടെയും മകൾ ഫാത്തിമത് ഷഹാന (21) ആണ് മരിച്ചത്.