പാർട്ടിയിൽ പിന്തുണ നഷ്ടമായി; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു, ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിയും
Mail This Article
ഒട്ടാവ∙ രാജി തീരുമാനം പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ലിബറൽ പാർട്ടി നേതൃസ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഒഴിയുമെന്ന് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ട്രൂഡോ പറഞ്ഞു. പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ് തീരുമാനം. പുതിയ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി.
ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കെയാണ് രാജി. 9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. ലിബറൽ പാർട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയർന്നിരുന്നു. കനേഡിയൻ പാർലമെന്റിൽ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131 പേർ ട്രൂഡോയ്ക്ക് എതിരായിരുന്നു. കൂടാതെ പാർട്ടിയുടെ അറ്റ്ലാന്റിക്, ഒന്റാറിയോ, ക്യൂബെക് പ്രവിശ്യകളിലെ ലിബറൽ പാർട്ടിയുടെ നേതൃത്വവും ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതേത്തുടർന്നാണ് തീരുമാനം.
2013 മുതൽ പാർട്ടി മേധാവിയാണ്. 2015 നവംബറിലാണു പ്രധാനമന്ത്രിയായത്. പാർട്ടി ദേശീയ എക്സിക്യൂട്ടീവാണു പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. ഇതിന് 3 മുതൽ 4 ദിവസം വരെയെടുക്കും. 9 വർഷമായി അധികാരത്തിൽ തുടരുന്ന ട്രൂഡോ കാനഡയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്നയാളാണ്. വിലക്കയറ്റം, പാർപ്പിടക്ഷാമം എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നതോടെ 2 വർഷത്തിനിടെ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ഈ വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി വൻവിജയം നേടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളുടെ പ്രവചനം.
സെപ്റ്റംബറിൽ ട്രൂഡോക്കെതിരെ പ്രതിപക്ഷം പാർലമെന്റിൽ അവിശ്വാസം കൊണ്ടുവന്നെങ്കിലും വിജയിച്ചില്ല. ഘടകകക്ഷിയായ ന്യൂ ഡമോക്രാറ്റിക് പാർട്ടിയും ട്രൂഡോ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ചോടെ വീണ്ടും അവിശ്വാസം കൊണ്ടുവരാനും പ്രതിപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നേരത്തെ ആക്കണമെന്നാണ് അവരുടെ ആവശ്യം.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ മൂന്നുമുതൽ നാലുമാസം വരെയെടുക്കും. ഈ വർഷം ഒക്ടോബർ 20ന് മുമ്പാണ് കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. പുതിയ നേതാവിന്റെ സ്ഥാനത്തേക്ക് മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, കനേഡിയൻ കേന്ദ്ര ബാങ്ക് മുൻ ഉദ്യോഗസ്ഥൻ മാർക് കാർനി, മുൻ മന്ത്രിമാരായ മെലനി ജോളി, ഡൊമിനിക് ലെബ്ലാങ്ക്, ബ്രിട്ടിഷ് കൊളംബിയ മുൻ പ്രധാനമന്ത്രി ക്രിസ്റ്റി ക്ലാർക്ക് എന്നിവരുടെ പേരാണ് ഉയർന്നു കേൾക്കുന്നത്.