ADVERTISEMENT

കൊച്ചി∙ നടി ഹണി റോസിനെതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ കടുത്ത നടപടിയുമായി പൊലീസ്. ഹണി റോസിനെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകളിട്ട 27 പേർക്കെതിരെ കേസെടുത്തിനു പിന്നാലെ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. എറണാകുളം കുമ്പളം സ്വദേശിയെയാണ് എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ടുകള്‍ ചുമത്തിയാണ് അറസ്റ്റ്.

തന്നെ ഒരു വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന് ഹണി റോസ് നേരത്തെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ ഇതിനു താഴെയും ലൈംഗികാധിക്ഷേപ കമന്റുകളുമായി ഒട്ടേറെപ്പേർ എത്തിയതോടെ പരാതി നൽകാൻ നടി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതും അശ്ലീലം നിറഞ്ഞതുമായ കമന്റുകളിട്ട 27 പേരുടെ വിവരങ്ങളും കൈമാറി. തുടർന്ന് അശ്ലീല കമന്റുകളിട്ടവരുടെ പ്രൊഫൈലുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നിയമനടപടിയിലേക്ക് കടന്നിട്ടുള്ളത്. ഇതിനു പിന്നാലെ ഇന്നു രാവിലെ ഷാജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

ഒരു വ്യക്തിയുടെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. ഒരു ഉദ്ഘാടന ചടങ്ങിനു പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗങ്ങൾ കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്നു തീരുമാനിച്ചിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്നതു കാരണം മനഃപൂർവം സമൂഹമാധ്യമങ്ങളിൽ തന്റെ പേരു വലിച്ചിഴച്ചു സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ് അയാളെന്നും ഹണി റോസ് പറഞ്ഞു.

English Summary:

Verbal harassment, stalking: Police arrested one and took case against 27 individuals for posting abusive comments on Malayalam Actress Honey Rose's Facebook post.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com