‘യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കും, പിണറായിസത്തെ ഒറ്റക്കെട്ടായി എതിർക്കും’: പി.വി.അൻവർ ജയിൽമോചിതൻ
Mail This Article
നിലമ്പൂർ ∙ പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ദുർഭരണത്തിനും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും എതിരെ യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് പി.വി.അൻവർ എംഎൽഎ. തവനൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻവർ. ഇതുവരെ നടത്തിയത് ഒറ്റയാൾ പോരാട്ടമാണ്. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിർക്കും. അതിനു വ്യക്തിപരമായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്. പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങി മുഴുവൻ പേരും ഈ വിഷയത്തിൽ ധാർമിക പിന്തുണ നൽകിയെന്നതാണ് തനിക്ക് ആശ്വാസമായത്. താമരശേരി, ബത്തേരി ബിഷപ്പുമാർ, സി.പി.ജോൺ തുടങ്ങിയവരും പിന്തുണച്ചു. ജാമ്യം കിട്ടിയതിന് ദൈവത്തിന് നന്ദിയെന്നും അൻവർ പറഞ്ഞു.
‘‘വന്യജീവി ആക്രമണം അങ്ങേയറ്റം ഭീഷണിയാണെന്ന് അംഗീകരിക്കപ്പെടുന്നതാണ് ഈ പിന്തുണ കൊണ്ടു കാണുന്നത്. 100 ദിവസമായാലും ജയിലിൽ കിടക്കാൻ തയാറായി, വീട്ടുകാരോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്നു. അവിടെയെല്ലാം അത്താണിയായത് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജുഡീഷ്യൽ സംവിധാനമാണ്. അവിടെനിന്ന് നീതി കിട്ടി. സർക്കാരിന് തിരച്ചടി മാത്രമേയൂള്ളൂ. പിണറായി സ്വയം കുഴി കുത്തുകയാണ്. സിപിഎം ഇനി അധികാരത്തിൽ വരാതിരിക്കാനുള്ള കരാറാണ് പിണറായിയും കേന്ദ്രത്തിലെ ആർഎസ്‌എസും തമ്മിൽ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്. കേരളത്തിലെ മുസ്‌ലിംകൾ മുഴുവൻ തീവ്രവാദികളാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നു. ന്യൂനപക്ഷത്തെ മനഃപൂർവം അകറ്റുന്ന നിലപാടാണ് പിണറായിയുടേത്. എൽഡിഎഫിനോട് ആഭിമുഖ്യമുണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ പാർട്ടിയിൽനിന്ന് അകലുകയാണ്. പിന്നീടുള്ളത് ക്രൈസ്തവ സമൂഹമാണ്. അവരും വനഭേദഗതി ബില്ലു കാരണം പാർട്ടിയിൽനിന്ന് അകലും. കേരളത്തിന്റെ നിയമത്തിലാണ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം കൊടുക്കുന്നത്.’’– അൻവർ പറഞ്ഞു.
ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്തെന്ന കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് പി.വി.അൻവർ ജയിൽമോചിതനായത്. തവനൂർ സെൻട്രൽ ജയിലിലായിരുന്നു അൻവർ. പി.വി.അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. ഞായറാഴ്ച രാത്രിയാണ് അൻവർ അറസ്റ്റിലായത്. 50,000 രൂപയുടെ ആൾജാമ്യത്തിലും പൊതുമുതൽ നശിപ്പിച്ച വകയിൽ 35,000 രൂപ കെട്ടിവയ്ക്കണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, തെളിവു നശിപ്പിക്കാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു.
ജനകീയ വിഷയത്തിൽ ന്യായമായ പ്രതിഷേധമാണ് നടത്തിയതെന്നും താൻ നേരിട്ട് ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ചിട്ടില്ലെന്നും അൻവർ കോടതിയെ അറിയിച്ചു. എഫ്ഐആറിൽ 11 ആളുകളുടെ പേരുണ്ടായിട്ടും റിപ്പോർട്ടിൽ അൻവറിന്റെ പേരു മാത്രമേയുള്ളൂവെന്നും അതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തു.
അതേസമയം, പി.വി.അൻവറിന്റെ അനുയായിയും ഡിഎംകെ നേതാവുമായ ഇ.എ.സുകുവിനെ പൊലീസ് അറസ്റ്റു ചെയ്തു. വഴിക്കടവ് ബസ് സ്റ്റാൻഡിൽ നിന്നാണ് സുകുവിനെ കസ്റ്റഡിയിലെടുത്തത്. വനംവകുപ്പ് ഓഫിസ് ആക്രമിച്ച കേസിൽ അൻവറിനു ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് സുകുവിനെ അറസ്റ്റ് ചെയ്തത്
കഴിഞ്ഞദിവസം കരുളായി ഉൾവനത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്. സമരക്കാർ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് നടപടി. അറസ്റ്റിനു മുന്നോടിയായി പി.വി.അൻവറിന്റെ ഒതായിയിലെ വീട്ടിൽ വൻ പൊലീസ് സന്നാഹം തമ്പടിച്ചിരുന്നു.