ശബരിമലയിൽ തിരക്ക് കുറഞ്ഞു; പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് മൂന്നര മണിക്കൂറായി
Mail This Article
ശബരിമല ∙ സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട വലിയ തിരക്ക് കുറഞ്ഞു. പതിനെട്ടാംപടി കയറാനുള്ള നിര യു ടേണിനും ശരംകുത്തിക്കും മധ്യേവരെ മാത്രമേ ഉള്ളു. അതിനാൽ പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് മൂന്നര മണിക്കൂറായി കുറഞ്ഞു. പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള സൗകര്യമുണ്ടെന്നും അധികൃതർ പറയുന്നു.
കൊടും തണുപ്പിനെ കാര്യമായി എടുക്കാതെ പുലർച്ചെ 3 ന് നിർമാല്യ ദർശനം ലക്ഷ്യമിട്ട് ധാരാളം പേർ ഇന്നും മലകയറി. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 10ന് പമ്പയിൽ നിന്നു മലകയറിയവർ രാവിലെ 8 മണിയോടെയാണ് സന്നിധാനം വലിയ നടപ്പന്തലിൽ എത്തിയത്. വലിയ നടപ്പന്തലിൽ മാത്രം 2 മണിക്കൂറിൽ കൂടുതൽ കാത്തുനിന്നാലേ പതിനെട്ടാംപടി കയറാൻ അഴിയുടെ ഭാഗത്തേക്ക് വിടൂ. ഇത് സ്ഥിതിഗതികൾ മാറ്റി.
മണ്ഡലകാലത്ത് കുട്ടികളുടെ ക്യൂവിൽ ഉള്ളവരെ വേഗം പടി കയറാൻ കടത്തിവിടുമായിരുന്നു. എന്നാൽ മകരവിളക്കിനു നട തുറന്ന ശേഷം വലിയ നടപ്പന്തലിലെ മറ്റ് ക്യൂവിൽ ഉള്ളവരെ പോലെ മാത്രമാണ് കുട്ടികളുടെ ക്യൂവും തുറന്നു വിടുന്നത്.