‘നിരന്തരം അപമാനം സഹിക്കുന്നു, അദ്ദേഹത്തിന്റെ പെരുമാറ്റം ഷോക്കിങ്, പ്രതികരിച്ചില്ലെങ്കിൽ ശരിയാകില്ല; വലിയ പിന്തുണ’
Mail This Article
കൊച്ചി ∙ സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനങ്ങൾക്കും അപമാനങ്ങൾക്കും ചുട്ടമറുപടിയുമായി രംഗത്തു വന്ന നടി ഹണി റോസിനു പിന്തുണയുമായി ഫോണിൽ മെസേജുകൾ വന്നു നിറയുകയാണ്. ഈ പോരാട്ടം സമൂഹമാധ്യമങ്ങളിൽ അദൃശ്യരായി വന്നു സ്ത്രീകളെ വേട്ടയാടുന്ന അശ്ലീലഭാഷാ പണ്ഡിതൻമാർക്കെതിരെയാണെന്ന് ഹണി റോസ് ‘മനോരമ’യോടു പറഞ്ഞു
എന്താണ് കടുത്ത ഭാഷയിൽ പ്രതികരിക്കാൻ കാരണം ?
വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടാണിത്. ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ ശരിയാകില്ലെന്നു തോന്നി. വീട്ടുകാർക്കും ഇതു വലിയ വിഷമങ്ങളുണ്ടാക്കുന്നു. 2 വർഷമായി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനം സഹിക്കുന്നു. ഞാൻ പോസ്റ്റിൽ പേരു വെളിപ്പെടുത്താതെ പറഞ്ഞിരിക്കുന്ന വ്യക്തിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചത് അദ്ദേഹത്തിന്റെ മാനേജരാണ്. അവിടെ ചടങ്ങിനു ചെന്നപ്പോൾ അദ്ദേഹത്തിൽ നിന്നുണ്ടായ പെരുമാറ്റം ഷോക്കിങ് ആയി. ഇനിയൊരിക്കലും നിങ്ങളുടെ സ്ഥാപനത്തിലെ ചടങ്ങിലേക്കു വിളിക്കരുതെന്ന് അപ്പോൾ തന്നെ വിളിച്ചു പറഞ്ഞു. വൈകാതെ മറ്റൊരു ഉദ്ഘാടന ചടങ്ങിൽ ഞാനെത്തിയപ്പോൾ ഈ വ്യക്തി വേദിയിലിരിക്കുന്നു. എനിക്കത് അപ്രതീക്ഷിതമായി. എന്നെക്കുറിച്ചു മോശമായ വാക്കുകൾ പറഞ്ഞ് ഞാനും ഹണിക്കൊപ്പം ഈ ചടങ്ങിനുണ്ടെന്ന വിഡിയോ ഇയാൾ തലേന്നു പുറത്തുവിട്ടിരുന്നു. ഈ വ്യക്തി പങ്കെടുക്കുന്നകാര്യം സംഘാടകർ പറഞ്ഞിരുന്നില്ല.
പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ഹണിയുടെ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നതു ശ്രദ്ധിക്കാറുണ്ടോ?
ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തുമ്പോൾ ക്യാമറകളിലും മൊബൈൽ ഫോണിലും പലരും വിഡിയോ എടുക്കാറുണ്ട്. ഇവരുടെ ക്യാമറ ആംഗിളൊന്നും നിയന്ത്രിക്കാൻ എനിക്കാകില്ല. ഈ വിഡിയോകളിൽ ചിലരെങ്കിലും ലക്ഷ്യമിടുന്നതു നമ്മുടെ ശരീരത്തെ വൾഗറായി കാണിക്കാനാണ്. വിഡിയോ പുറത്തുവരുമ്പോഴാണു നമ്മളറിയുന്നത്. ഞാൻ ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ചു പൊതുവേദിയിൽ എത്തിയിട്ടില്ല.
ഈ പോരാട്ടത്തിനു പിന്തുണ ലഭിച്ചോ?
വലിയ പിന്തുണ കിട്ടി. താരസംഘടനയായ അമ്മയാണ് ആദ്യം എന്നെ പിന്തുണച്ചത്. ഏതു നിയമനടപടിക്കും അമ്മ ഒപ്പമുണ്ടെന്നറിയിച്ചു. എന്റെ പോസ്റ്റിനു മാധ്യമങ്ങൾ നല്ല പിന്തുണയാണു നൽകിയത്. പൊലീസ് ഓഫിസർമാർ കേസുമായി നല്ല രീതിയിൽ സഹകരിച്ചു. എനിക്കുണ്ടായ ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനു താഴെയും ചിലർ അശ്ലീല കമന്റിടുമ്പോൾ എനിക്കു മൗനം പാലിക്കാനാകില്ല. അതിനാലാണ് പൊലീസ് സ്റ്റേഷനിൽ നേരിട്ടു പോയി പരാതി നൽകിയത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്നോട്ടുപോകാൻ എല്ലാവരും ധൈര്യം തന്നു.
ഹണിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ കുമ്പളം സ്വദേശി ഷാജിയെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കു ജാമ്യം നൽകിയ കോടതി നാളെ വീണ്ടും ഹാജരാകണമെന്നു നിർദേശിച്ചു. നടിയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ആളുകളുടെ കമന്റുകൾ പരിശോധിക്കുകയാണെന്ന് സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയി പറഞ്ഞു. കേസെടുത്ത വിവരം അറിഞ്ഞതിനു പിന്നാലെ പലരും കമന്റുകൾ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് റദ്ദാക്കിയതായും പൊലീസ് കണ്ടെത്തി.
തനിക്കെതിരായ അവഹേളനങ്ങളെ വിമർശിച്ച് ഇന്നലെയും ഹണി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. ഹണി റോസ് നടത്തുന്ന നിയമ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ച് അമ്മയുടെ അഡ്ഹോക് കമ്മിറ്റി രംഗത്തെത്തി. ഹണി റോസിനെതിരെ ചിലർ ദ്വയാർഥ പ്രയോഗം നടത്തിയതും ഇതിൽ പ്രയാസം അറിയിച്ച ശേഷവും ആവർത്തിച്ചതും മോശമാണെന്നു നടൻ ആസിഫ് അലി പറഞ്ഞു.