‘രാജ്യത്ത് ഏറ്റവുമധികം ക്രിമിനൽ കേസുകളുള്ള എംപി, എണ്ണം 214; ജനപ്രതിനിധി അല്ലായിരുന്നെങ്കിൽ അഴിക്കുള്ളിൽ’
Mail This Article
കോട്ടയം∙ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പൂർണ സംതൃപ്തിയില്ലെന്നു ഡീൻ കുര്യാക്കോസ് എംപി. രണ്ടുപേർ നഷ്ടപ്പെട്ടതിനു പകരമാവില്ല ഒരു വിധിയും. ക്രൂരമായ കൊലപാതകം നടത്തിയവർക്കു വധശിക്ഷ നൽകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടന്ന സമയത്ത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു ഡീൻ.
സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ഒരു തവണ മാത്രമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു ആ സമരം. സമരവുമായി ബന്ധപ്പെട്ടു വിവിധ പൊലീസ് സ്റ്റേഷനുകളിലായി 214 കേസുകളാണ് കേരളത്തിലുടനീളം ഡീൻ കുര്യാക്കോസിനെതിരെ റജിസ്റ്റർ ചെയ്തത്. പെരിയ ഇരട്ടക്കൊലപാതകത്തിനൊപ്പം ഇടുക്കിയെ ബാധിക്കുന്ന സമകാലീന രാഷ്ട്രീയ വിഷയങ്ങളിലും നിലപാടു വ്യക്തിമാക്കി ഡീൻ കുര്യാക്കോസ് മനോരമ ഓൺലൈനോടു സംസാരിക്കുന്നു.
∙ താങ്കൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്തായിരുന്നല്ലോ പെരിയ ഇരട്ടക്കൊലപാതകം. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കേസിൽ വിധി വന്നിരിക്കുകയാണല്ലോ?
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്തെ വലിയൊരു പരീക്ഷണ കാലയളവായിരുന്നു അത്. 2018ൽ ഷുഹൈബ് കൊല്ലപ്പെട്ടു. അന്ന് കേരളത്തിൽ എല്ലാം വലിയ സമരങ്ങളുണ്ടായിരുന്നു. അന്ന് ആ കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഞാനും സി.ആർ. മഹേഷും എട്ടു ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. കൊലപാതക രാഷ്ട്രീയത്തിനെതിരെ വലിയൊരു പൊതുബോധം കേരളത്തിൽ അന്നു രൂപപ്പെട്ടിരുന്നു. കൃത്യം ഒരു വർഷം കഴിയുമ്പോഴാണ് പെരിയ ഇരട്ടക്കൊലപാതകം നടക്കുന്നത്.
പ്രവർത്തകർക്കു ശക്തമായി പ്രതികരിക്കണമെന്ന വികാരമുണ്ടായിരുന്നു. അങ്ങനെയാണ് ഹർത്താൽ പ്രഖ്യാപിക്കേണ്ടി വന്നത്. യൂത്ത് കോൺഗ്രസിന്റെ ചരിത്രത്തിൽ നടത്തിയ ഒരേയൊരു ഹർത്താൽ ഇതാണ്. ജനങ്ങൾ ആ ഹർത്താലിനെ നൂറുശതമാനം ഏറ്റെടുത്തു. ആ സമയത്താണ് കേരള ഹൈക്കോടതി ഹർത്താൽ നിരോധിക്കണമെന്നും മുൻകൂട്ടി നോട്ടിസ് കൊടുക്കണമെന്നൊക്കെ പറഞ്ഞിരുന്നത്. ആ പശ്ചാത്തലത്തിൽ പാർട്ടി നേതൃത്വത്തിന് ഹർത്താലിനോടു യോജിപ്പുണ്ടായിരുന്നില്ല. ഒരു നേതാവും സമ്മതിച്ചില്ല. ഞങ്ങളുടെ സ്വന്തം റിസ്കിലാണ് ഫെയ്സ്ബുക്കിലൂടെ ഹർത്താൽ പ്രഖ്യാപിച്ചത്. തലശ്ശേരി ടൗണിൽ പോലും അന്നു ഒരു വാഹനവും അനങ്ങിയില്ല.
∙ ആ ഹർത്താലിന്റെ പേരിൽ നിരവധി കേസുകൾ താങ്കൾക്കെതിരെ റജിസ്റ്റർ ചെയതല്ലോ. ഹൈക്കോടതി ശാസിച്ചില്ലേ?
ഭരണം എൽഡിഎഫിന്റേതായിരുന്നല്ലോ. പ്രതിഷേധം നടത്തിയവർക്കെതിരെയെല്ലാം കേസുകളെടുത്തു. 214 കേസുകളുണ്ട്. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് എനിക്കെതിരെ ശാസന വന്നു. രാജ്യത്ത് ഏറ്റവുമധികം ക്രിമിനൽ കേസുകളുള്ള എംപി ഞാനാണ്. എംപി ആയതുകൊണ്ടു മാത്രമാണ് ഞാൻ ജയിലിൽ ആകാത്തതും അതിന്റെ ആഘാതം അനുഭവിക്കാത്തതും. അല്ലെങ്കിൽ ഞാൻ ജയിലിൽ ആകുമായിരുന്നു. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പേരിൽ നടത്തിയ ഹർത്താലിന്റെ പേരിലാണ് ഈ കേസുകളെല്ലാം.
∙രാഷ്ട്രീയത്തിന് അതീതമായി മലബാറിലെ പാർട്ടി ഗ്രാമങ്ങളിൽനിന്നടക്കം വലിയ പിന്തുണ ലഭിച്ചിരുന്നല്ലേ? അതല്ലേ തൊട്ടുപിന്നാലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്?
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ അണിചേരാൻ ആളുകൾ ഒഴുകിയെത്തിയിരുന്നു. വികാരവായ്‍പോടെയാണു സ്ത്രീകളും കുട്ടികളും റോഡിൽ നിന്നത്. രാത്രി വൈകി മൃതദേഹം സംസ്കരിച്ചപ്പോൾ തന്നെ ചിതാഭസ്മ യാത്ര നടത്തണമെന്നും തിരുവല്ലത്തെ പരശുരാമ ക്ഷേത്രത്തിൽ ഒഴുക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു. വാഹനത്തിന്റെ പിന്നിൽ ചിതാഭസ്മം ഘടിപ്പിച്ചായിരുന്നു യാത്ര. ഒരു ആഹ്വാനം ഇല്ലാതെയാണ് ആയിരക്കണക്കിന് ആളുകൾ ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും എത്തിയത്. ഇതിനിടെ എനിക്ക് ഹൈക്കോടതിയിൽനിന്നു സമൻസ് വന്നു.
ചിതാഭസ്മം ഒഴുക്കുന്ന ദിവസം ഞാൻ ഹൈക്കോടതിയിൽ ഹാജരായി. എനിക്കെതിരെ പ്രേരണാ കുറ്റം ചുമത്തണമെന്നു കോടതി വാക്കാൽ പരാമർശിച്ചു. എന്നാൽ വിധിയിൽ അത് ഉണ്ടായിരുന്നില്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സുധാകർ പ്രസാദ് നിയമോപദേശം നൽകി എന്നെ എല്ലാ കേസുകളിലും പ്രതിയാക്കി. ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പകപോക്കൽ രാഷ്ട്രീയമാണ് എൽഡിഎഫ് നടത്തിയത്. യൂത്ത് കോൺഗ്രസ് നടത്തിയ വലിയ പോരാട്ടത്തിന്റെ വിജയം കൂടിയാണു കോടതി വിധി.
∙ വിധിയിൽ പൂർണ സംതൃപ്തനാണോ
പൂർണ സംതൃപ്തിയില്ല. രണ്ടുപേർ നഷ്ടപ്പെട്ടതിനു പകരമാവില്ല ഒരു വിധിയും. ക്രൂരമായ കൊലപാതകം നടത്തിയവർക്കു വധശിക്ഷ നൽകണമായിരുന്നു. ഇരട്ട ജീവപര്യന്തത്തിൽ പൂർണ തൃപ്തിയില്ല.
∙ നിയമപരമായി മുന്നോട്ടുപോകുമ്പോൾ തുടരന്വേഷണവും ആവശ്യപ്പെടുമോ?
ഗൂഢാലോചന നടത്തിയ എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടില്ല. അന്നു കൊലവിളി പ്രസംഗം നടത്തിയ മുസ്തഫ അടക്കം പ്രതിയായിട്ടില്ല. നിയമവിദഗ്ധരുമായി ആലോചിച്ചു കൂടുതൽ തീരുമാനമെടുക്കും.
∙ വിധി വന്ന ദിവസം കാസർകോട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിനൊപ്പം ഉണ്ടായിരുന്നല്ലോ. അവർ എന്തു പറയുന്നു?
കുടുംബത്തിനു പകുതി ആശ്വാസമാണ്. രണ്ട് കുടുംബത്തിന്റെയും അത്താണിയായിരുന്നു ആ ചെറുപ്പക്കാർ. ആ വിധി ആ നാട് മുഴുവൻ കാത്തിരിക്കുകയായിരുന്നു. ആരാണു കൊന്നതെന്നും ആരൊക്കെയാണു ഗൂഢാലോചന നടത്തിയതെന്നും ആ നാടിനു മുഴുവൻ അറിയാം.
∙ പാർലമെന്റിൽ ഇപ്പോൾ രണ്ടാമത്തെ ടേം ആണല്ലോ. പ്രതിപക്ഷ നിരയിൽ എംപിമാരുടെ എണ്ണത്തിലുണ്ടായ വർധനവ് ഒരു ആശ്വാസമാണോ?
പാർലമെന്റിൽ ഇപ്പോൾ ശക്തമായ പ്രതിപക്ഷമുണ്ട്. അടിച്ചമർത്തലിന്റെ രാഷ്ട്രീയമാണ് ബിജെപിക്ക്. അതിനെ ചെറുക്കാൻ പ്രതിപക്ഷത്തിന് ഇപ്പോഴൊരു ശക്തിയുണ്ട്.
∙ ഡൽഹി രാഷ്ട്രീയത്തിൽ സജീവമായതോടെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കുന്നതിൽ വിഷമമുണ്ടോ?
അങ്ങനെയൊരു വിഷമമില്ല. ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളുടെ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ അവസരം ലഭിക്കുന്നതു വലിയ കാര്യമാണ്. പാർട്ടി നൽകുന്ന ദൗത്യം ഏതായാലും ചെയ്യും.
∙തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരികയാണല്ലോ. ഇടുക്കിയിലെ പൊതുവായ രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണോ?
എൽഡിഎഫ് സർക്കാർ അങ്ങേയറ്റം എൽഡിഎഫിനെ തകർത്തു തരിപ്പണമാക്കി. ഭൂനിയമങ്ങളുടെ കാർക്കശ്യ സ്വഭാവം, പട്ടയം നടപടികൾ പൂർണമായും നിർത്തിവച്ചത് അടക്കമുള്ള വിഷയങ്ങളിൽ ജനങ്ങൾക്ക് അമർഷമുണ്ട്. കർഷകരെ കുടിയൊഴിപ്പിക്കുക എന്നതാണ് എൽഡിഎഫിന്റെ അപ്രഖ്യാപിത നയം. യുഡിഎഫിൽ ജനങ്ങൾക്കു വിശ്വാസമുണ്ട് എന്നതിനു തെളിവാണു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്. തുടർന്നു വരുന്ന തിരഞ്ഞെടുപ്പുകളിലും അത്തരമൊരു ജനവിധി ഇടുക്കി ജില്ലയിലുണ്ടാകും.
∙ വന്യജീവി ആക്രമണങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടക്കുന്നുണ്ടോ?
സർക്കാർ ജനങ്ങൾക്ക് അനുകൂലമായി ഒരു നടപടിയും സ്വീകരിക്കുന്നില്ല. വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്നത് ഏതൊക്കെ മേഖലയിൽ ആണെന്നു സർക്കാരിനു കൃത്യമായി അറിയാം. അവിടെ മാത്രം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയാൽ മതി. സർക്കാരിന്റെ അലംഭാവം നൂറുശതമാനം പ്രകടമാണ്. വനംവകുപ്പിനെ കയറൂരി വിട്ട് കർഷകരെ കുടിയൊഴിപ്പിക്കുകയാണ്.
∙ വനനിയമ ഭേദഗതി ബില്ലിലെ നിലപാട്?
കുതിരയ്ക്ക് കൊമ്പ് കൊടുത്തതുപോലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിത അധികാരം നൽകിയാൽ അവർ ജനങ്ങളെ വച്ചുപൊറുപ്പിക്കില്ല. വനത്തിനു പുറത്തു അവനവന്റെ കൈവശ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം കർഷകർക്കുണ്ട്. കാടിനു നടുവിലെ പുഴയിൽനിന്നു മീൻപിടിക്കാനുള്ള അവകാശം വരെ നിഷേധിക്കുന്ന സമീപനമാണ്. ഏറ്റവും താഴേത്തട്ടിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനുപോലും സാധാരണക്കാരനെതിരെ കേസ് ചുമത്താമെന്നത് അംഗീകരിക്കാനാവില്ല. ജനവിരുദ്ധമായ നടപടികളാണ് ഇതൊക്കെ.
∙ നമ്മൾ ഈ സംസാരിക്കുന്ന സമയത്ത് കേരള കോൺഗ്രസ് മാണി വിഭാഗവും ആർജെഡിയുമൊക്കെ എൽഡിഎഫിൽ അസ്വസ്ഥരാണെന്ന വാർത്തകൾ പരക്കുന്നുണ്ട്. കേരള കോൺഗ്രസിനു സ്വാധീനമുള്ള ജില്ലയാണ് ഇടുക്കി. അവർ യുഡിഎഫിലേക്കു തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
അവർക്ക് എന്തു തീരുമാനം വേണമെങ്കിലും എടുക്കാം. കേരള കോൺഗ്രസ് എൽഡിഎഫിൽ ചേർന്നത് രാഷ്ട്രീയപരമായി അവരുടെ ഒരു മണ്ടൻ തീരുമാനമായിരുന്നു. ആ മുന്നണിയിൽ ചേർന്നതുകൊണ്ട് റോഷി അഗസ്റ്റിനു മന്ത്രിയാകാൻ പറ്റി അല്ലെങ്കിൽ ചില നേട്ടങ്ങളുണ്ടായി. പക്ഷേ, ആ രാഷ്ട്രീയ മണ്ടത്തരം അവർ തിരുത്തുമെന്നാണു പ്രതീക്ഷ. ബാക്കി തീരുമാനം അവരാണ് എടുക്കേണ്ടത്.