ടൂറിസ്റ്റ് ബസുകളിൽ അനധികൃത ലൈറ്റുകളും ഫിറ്റിങ്ങുകളും: ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ ബഹുവർണ പിക്‌സൽ ലൈറ്റ് നെയിംബോർഡുകളും അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം. ഇത്തരത്തിലുള്ള വാഹനങ്ങളിലെ ഓരോ അനധികൃത ലൈറ്റുകൾക്കും 5000 രൂപ വീതം പിഴ ഈടാക്കണം. വാഹനത്തിന്റെ ഉടമ, ഡ്രൈവർ എന്നിവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഹർജി ഒരാഴ്ച കഴിഞ്ഞു പരിഗണിക്കും.
അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച വാഹനങ്ങളുടെ വിഡിയോകൾ യുട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നവ തുറന്ന കോടതിയിൽ പരിശോധിച്ച ശേഷമായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അക്രഡിറ്റഡ് ബോഡി ബിൽഡേഴ്സിന്റെ വർക്‌ഷോപ്പിലാണ് നിയമം ലംഘിച്ച് ബസുകൾക്ക് രൂപമാറ്റം വരുത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിൽനിന്നു വിശദീകരണത്തിനു സർക്കാർ കൂടുതൽ സമയം തേടി.
താൽക്കാലിക റജിസ്ട്രേഷൻ നമ്പരുള്ള രണ്ട് ബസുകൾ അക്രഡിറ്റഡ് ബോഡി ബിൽഡേഴ്സിന്റെ വർക്‌ഷോപ്പിൽ നിന്ന് അധിക ലൈറ്റുകളും മറ്റും ഘടിപ്പിച്ച് ഇറക്കിയത് കോടതി പരിശോധിച്ചു. ഇത്രയും ലൈറ്റുകളുള്ള വാഹനങ്ങൾ വരുമ്പോൾ എതിരെ എങ്ങനെയാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്നതെന്നും കോടതി ആരാഞ്ഞു. അക്രഡിറ്റഡ് ബോഡി ബിൽഡേഴ്സിന്റെ വർക്‌ഷോപ്പിൽ എത്ര വാഹനങ്ങൾ റജിസ്റ്റർ ചെയ്തു, ഇനി റജിസ്റ്റർ ചെയ്യാൻ എത്ര വാഹനങ്ങളുണ്ട് എന്നതിലും കോടതി സർക്കാരിനോട് വിശദീകരണം തേടി.
സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവികൾ വഴിയും ഗതാഗത കമ്മിഷണർ ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വഴിയും കർശന നടപടി സ്വീകരിക്കണം. ഗതാഗത കമ്മിഷണർ പരിശോധന നടത്താൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. ഇതിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. വാഹനങ്ങൾക്ക് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.