ADVERTISEMENT

കൊച്ചി ∙ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇതു ചൈനയിൽനിന്നു വന്ന വൈറസ് അല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഐഎംഎ കൊച്ചി ഘടകം വ്യക്തമാക്കി. 

‘‘കോവിഡ് വൈറസുമായി എച്ച്എംപിവിയെ താരതമ്യപ്പെടുത്താനും ഭീതി പടർത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതു പുതിയ അസുഖമല്ല. രാജ്യത്ത് കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കുട്ടികളിൽ 16 കേസുകൾ കണ്ടെത്തിയിരുന്നു. ആർടിപിസിആർ പരിശോധന അടക്കം നടത്തുമ്പോൾ ഏതൊക്കെ വൈറസ് ശരീരത്തിൽ ഉണ്ടെന്നു മനസ്സിലാക്കാനാകും. അതിൽ എച്ച്എംപിവി ഉൾപ്പെടെയുള്ളവയുടെ ഫലം ലഭിക്കാറുണ്ട്. എന്നാൽ അവയെ പ്രത്യേകം പരിഗണിക്കുകയോ ചികിത്സിക്കുകയോ ചെയ്യേണ്ട സാഹചര്യമില്ല’’–സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. 

എച്ച്എംപിവിക്ക് മരുന്നോ വാക്സീനോ ഇല്ലാത്തതിനു കാരണം ഇത് വലിയൊരു പ്രശ്നമായി ഇതുവരെ തോന്നാത്തതു കൊണ്ടാണെന്ന് ഡോക്ടർമാർ‌ ചൂണ്ടിക്കാട്ടി. മറ്റേതൊരു ഇൻഫ്ലുവൻസ വൈറസുകളെയും പോലെയാണ് എച്ച്എംപിവിയും. വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 24 മണിക്കൂർ മുതൽ 3 ദിവസത്തിനുള്ളിൽ അസുഖം പ്രത്യക്ഷമാകും. മറ്റുള്ളവരുമായി അധികം ഇടപഴകാതെ ഭക്ഷണവും വെള്ളവും കുടിച്ച് ശരിയായി വിശ്രമിച്ചാൽ രോഗം മാറുന്നതാണ് കണ്ടുവരുന്നതെന്നും ഡോക്ടർമാർ പറയുന്നു. എച്ച്എംപിവി പരിശോധന നടത്തണമെങ്കിൽ 8,000–15,000 രൂപ വരെ ചിലവു വരും. എന്നാൽ, ഈ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

‘‘ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത വൈറസ് വകഭേദമായിരുന്നു കോവിഡിന്റേത്. എന്നാൽ ഇത് അങ്ങനെയല്ല. ചൈനയിൽ ഇപ്പോൾ ശൈത്യകാലമാണ്. ഈ സമയത്ത് ഇൻഫ്ലുവൻസയും മറ്റും പടർന്നു പിടിക്കാറുണ്ട്. ഇത്തരം അസുഖമുണ്ടാകുമ്പോൾ വലിയ ആശുപത്രികളിലേക്ക് പോകുന്നതും ഐവി ഡ്രിപ് നൽകുന്നതും ചൈനയിൽ പതിവാണ്. ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചത്. എന്നാൽ ആശങ്കപ്പെടുത്തേണ്ട സാഹചര്യമൊന്നുമില്ല. ഇവിടെ നാട്ടിൽ വളരെ നേരത്തെയുള്ള വൈറസാണിത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കുെമാക്കെ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. മിക്കവർക്കും അപകടമൊന്നും സംഭവിക്കാറില്ല’’– ഐഎംഎ വക്താവ് ഡോ.രാജീവ് ജയദേവൻ വ്യക്തമാക്കി.

English Summary:

HMPV Virus: Human Metapneumovirus (hMPV) is not a new or dangerous virus, according to the Indian Medical Association (IMA) in Kochi. The virus is similar to influenza and typically resolves with rest and fluids; extensive testing is unnecessary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com