കൊച്ചിയിലെ ആദ്യ തിരഞ്ഞെടുപ്പിന് ഇന്ന് 100 വയസ്സ്
Mail This Article
കേരളത്തിലെ നിയമനിർമാണ സഭകളുടെ ചരിത്രത്തിൽ കാൽനൂറ്റാണ്ടു കാലം നിലനിന്ന കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നടന്ന ആദ്യ തിരഞ്ഞെടുപ്പിന് ജനുവരി 7 ന് 100 വയസ്സ്. 1925 ജനുവരി 7 നായിരുന്നു പ്രഥമ തിരഞ്ഞെടുപ്പ്. ഏപ്രിൽ 3ന് കൗൺസിലിന്റെ ഉദ്ഘാടനം നടന്നു. കൊച്ചി – കണയന്നൂർ, കൊടുങ്ങല്ലൂർ, മുകുന്ദപുരം, തൃശൂർ, തലപ്പള്ളി, ചിറ്റൂർ എന്നിവയാണ് കൊച്ചിയിലുണ്ടായിരുന്ന താലൂക്കുകൾ. ഇന്നത്തെ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളുടെ ഭാഗങ്ങൾ ചേർന്നതായിരുന്നു കൊച്ചി സംസ്ഥാനം.
കൊച്ചി മഹാരാജാവ് 1923 ഓഗസ്റ്റ് 9ന് പാസാക്കിയ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ട് അനുസരിച്ചാണ് കൊച്ചിയിൽ നിയമനിർമാണ സമിതി (ലെജിസ്ലേറ്റീവ് കൗൺസിൽ) രൂപീകരിച്ചത്. ആദ്യത്തെ മൂന്നു കൗൺസിലുകളിൽ 45, നാലാമത്തെ (1935–38) കൗൺസിലിൽ 54, അവസാനത്തെ രണ്ടു കൗൺസിലുകളിൽ 58 എന്നിങ്ങനെ അംഗങ്ങളുണ്ടായിരുന്നു. മൂന്നിലൊന്നിൽ കുറയാതെ അംഗങ്ങൾ നാമനിർദേശം ചെയ്യപ്പെട്ടവരായിരുന്നു. 1928 മേയ് 23, 1931 മേയ് 20, 1935 മേയ് 20, 1938 ജൂൺ 6, 1945 മേയ് 28 എന്നീ തീയതികളിലായിരുന്നു തുടർന്നുള്ള തിരഞ്ഞെടുപ്പുകൾ.
വോട്ടവകാശവും അംഗത്വവും നിശ്ചിത യോഗ്യതയുള്ളവർക്കു മാത്രമായിരുന്നു. കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രാരംഭകാലം (1925) മുതലേ വനിതാ അംഗങ്ങളുണ്ടായിരുന്നു. കേരളത്തിൽ (ഒരുപക്ഷേ ഇന്ത്യയിൽത്തന്നെ) ആദ്യമായി (1925) നാമനിർദേശം ചെയ്യപ്പെട്ട, ഉദ്യോഗസ്ഥയല്ലാത്ത വനിതയാണ് തോട്ടയ്ക്കാട്ട് മാധവിയമ്മ. ഇന്ത്യയിലെ നിയമനിർമാണസഭാ ചരിത്രത്തിൽ ആദ്യമായി അംഗമായ ഡോ. മേരി പുന്നൻ ലൂക്കോസ് (തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ, 1924) ഉദ്യോഗസ്ഥ (ദർബാർ ഫിസിഷ്യൻ) എന്ന നിലയിലാണ് നാമനിർദേശം ചെയ്യപ്പെട്ടത്.
കൊച്ചിയിൽ 1938 ജൂൺ 17നു ദ്വിഭരണസമ്പ്രദായം (ഡയാർക്കി) നിലവിൽ വന്നതോടെ ഒരു മന്ത്രി നിയമിക്കപ്പെട്ടു. അമ്പാട്ട് ശിവരാമ മേനോൻ (1938), ഡോ. എ.ആർ.മേനോൻ (1938–42), ടി.കെ.നായർ (1942–45) എന്നിവരായിരുന്നു മന്ത്രിമാർ. മന്ത്രിമാരുടെ എണ്ണം 1945 ൽ രണ്ടായപ്പോൾ പറമ്പി ലോനപ്പൻ (1945–46), കെ. ബാലകൃഷ്ണ മേനോൻ (1946) എന്നിവർ മന്ത്രിമാരായി. 1946 സെപ്റ്റംബർ 9ന് പനമ്പിള്ളി ഗോവിന്ദമേനോൻ, ടി.കെ.നായർ, സി.ആർ.ഇയ്യുണ്ണി, കെ.അയ്യപ്പൻ എന്നിവർ മന്ത്രിമാരായി. ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 1947 സെപ്റ്റംബർ 1ന് മന്ത്രിസഭ രൂപീകരിച്ചു. പനമ്പിള്ളി ഗോവിന്ദമേനോൻ (1947), ടി.കെ.നായർ (1947 – 48), ഇ. ഇക്കണ്ടവാര്യർ (1948 – 49) എന്നിവരായിരുന്നു പ്രധാനമന്ത്രിമാർ. തിരുവിതാംകൂറിലെയും കൊച്ചിയിലെയും തിരു–കൊച്ചിയുടെ പ്രാരംഭകാലത്തെയും മുഖ്യമന്ത്രിമാർ ‘പ്രധാനമന്ത്രി’ എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിനെക്കാൾ മുൻപേ കൊച്ചിയിലാണ് ആദ്യമായി മന്ത്രിയും പ്രധാനമന്ത്രിയുമുണ്ടായത്.
കൊച്ചി മഹാരാജാവ് 1947 ഓഗസ്റ്റ് 14ന് ഉത്തരവാദ ഭരണപ്രഖ്യാപനം നടത്തിയതോടെ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തി. ‘ലെജിസ്ലേറ്റീവ് കൗൺസിൽ’ (നിയമസമിതി) ‘ലെജിസ്ലേറ്റീവ് അസംബ്ലി’ (നിയമസഭ) ആയി. 1948 സെപ്റ്റംബർ 8, 11 തീയതികളിൽ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലമായി രൂപീകരിച്ച കൊച്ചി നിയമസഭയിൽ 58 അംഗങ്ങളുണ്ടായിരുന്നു. ഇവരിൽ 5 പേർ നാമനിർദേശം ചെയ്യപ്പെട്ടവരായിരുന്നു.
കേരളത്തിലെ നിയമനിർമാണ സഭകൾക്ക് 137 വർഷത്തെ ചരിത്രമുണ്ട്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ 1888 മാർച്ച് 30ന് പാസാക്കിയ റഗുലേഷനിലൂടെ ഒരു കൗൺസിൽ സ്ഥാപിച്ചതോടെയാണ് നിയമസഭയുടെ ചരിത്രം ആരംഭിക്കുന്നത്. ശ്രീമൂലം പ്രജാസഭയിലേക്ക് 1905 ലും ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് 1920 ലും ആദ്യ തിരഞ്ഞെടുപ്പ് നടന്നു. മലബാർ ഉൾപ്പെട്ട മദ്രാസ് സംസ്ഥാനത്ത് 1919ലെ മൊണ്ടേഗു – ചെംസ്ഫോഡ് പരിഷ്കാര പ്രകാരം ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ചു; 1920ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു.
തിരുവിതാംകൂറും കൊച്ചിയും 1949 ജൂലൈ ഒന്നിനു ലയിച്ച് ‘തിരുവിതാംകൂർ–കൊച്ചി’ എന്ന ഒറ്റ സംസ്ഥാനമായിത്തീർന്നു. സംയോജനത്തിന്റെ ഫലമായുണ്ടായ തിരുവിതാംകൂർ–കൊച്ചി നിയമസഭയിൽ ഇരു സംസ്ഥാനങ്ങളിലെയും നിയമസഭകളിലെ 178 അംഗങ്ങൾ സാമാജികരായി. കേരള സംസ്ഥാന രൂപീകരണത്തോടെ കേരള നിയമസഭയായി മാറി.