‘രാഹുൽ ഗാന്ധിയെ അന്‍വര്‍ അധിക്ഷേപിച്ചത് മറക്കാന്‍ കഴിയില്ല; മാപ്പ് പറഞ്ഞു വരട്ടെ, ആലോചിക്കാം’
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാന്‍ യുഡിഎഫിന്റെ സംരക്ഷണം തേടുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനു കെണിയാകുന്നതു മുന്‍പ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പറഞ്ഞ വാവിട്ട വാക്കുകള്‍. നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണക്കേസില്‍ രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച അന്‍വര്‍ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെയാണു യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് അന്‍വര്‍ നടത്തിയ ഡിഎന്‍എ പരാമര്‍ശം സംസ്ഥാനത്തെയാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ ഉണങ്ങാത്ത മുറിവായി തുടരുന്നതാണ് അന്‍വറിന്റെ യുഡിഎഫ് പ്രവേശം കീറാമുട്ടിയാക്കുന്നത്. അന്‍വറിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയെ അന്‍വര്‍ അധിക്ഷേപിച്ചത് ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ തനിക്കു മറക്കാന്‍ കഴിയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ‘മനോരമ ഓണ്‍ലൈനി’നോടു പറഞ്ഞു.
‘‘അന്‍വറിനെ ഒരു ഭീകരവാദിയെപോലെ രാത്രിയില്‍ പോയി അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധം ആണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും പ്രകടിപ്പിച്ചത്. അതല്ലാതെ അന്‍വറിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച നടന്നിട്ടില്ല. അതു സംബന്ധിച്ച് അന്‍വറിന്റെ ആവശ്യം പാര്‍ട്ടിക്കു മുന്നില്‍ വന്നിട്ടുമില്ല. യുഡിഎഫ് വിപുലീകരണം സംബന്ധിച്ചു നിലവില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.
ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ഉള്‍പ്പെടെ വായിച്ചിരുന്നു. യുഡിഎഫ് കൂടുമ്പോള്‍ എല്ലാ കക്ഷികളും അഭിപ്രായം പറയട്ടെ. അപ്പോള്‍ അതു ചര്‍ച്ച ചെയ്യും. പല ചെറിയ കക്ഷികളും യുഡിഎഫില്‍ അംഗങ്ങളാകണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. അതെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്.
പി.വി.അന്‍വറിന് തോന്നുമ്പോള്‍ വരാനും തോന്നുമ്പോള്‍ പോകാനുമുള്ള അവസ്ഥയല്ലുള്ളത്. അന്‍വര്‍ ഒരു രാഷ്ട്രീയ തീരുമാനം എടുത്താണ് ഇടതുപക്ഷത്തേക്കു പോയത്. ഇപ്പോള്‍ പുറത്തുവന്ന് പിണറായി സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കത്തിലാണ്. അതു നടക്കട്ടെ. കോണ്‍ഗ്രസിലേക്കു വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ പാര്‍ട്ടി അതു ചര്‍ച്ച ചെയ്യും. പക്ഷേ, അന്‍വറിനെ എടുക്കുന്നതിനോടു വ്യക്തിപരമായി വിയോജിപ്പുള്ള ആളാണ് ഞാന്‍. അത് ഞാന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നു പറഞ്ഞ ആള്‍ എത്ര വീരസാഹസികത കാട്ടി പിണറായി സര്‍ക്കാരിന് എതിരെ വന്നാലും രാഹുല്‍ വിഷയത്തില്‍ മാപ്പു പറയാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. സ്വന്തം പിതാവിനെ വധിച്ചവര്‍ക്കു മാപ്പു കൊടുത്ത മക്കളാണ് പ്രിയങ്കയും രാഹുലും. അത്രയും വിശാലമനസ്‌കതയുള്ളവരെയാണ് അപമാനിച്ചത്. രാജീവ് ഗാന്ധിയെയാണ് അന്‍വര്‍ പരോക്ഷമായി അധിക്ഷേപിച്ചത്. അതു മറക്കാന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി എന്ന നിലയില്‍ ഞാന്‍ തയാറല്ല. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നു പറഞ്ഞ ആളിനെ എന്തിന്റെ പേരില്‍ ആയാലും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യാന്‍ ഞാനില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു.
അന്‍വര്‍ മാപ്പ് പറഞ്ഞു വരട്ടെ എന്നാണ് കെപിസിസി പ്രസിഡന്റ് തന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞത്. എന്റെ പ്രതികരണവും അന്‍വറിന്റെ യുഡിഎഫ് പ്രവേശവും തമ്മില്‍ ബന്ധപ്പെടുത്തേണ്ടതില്ല. അന്‍വറിനു വരണമെങ്കില്‍ അത് ആവശ്യപ്പെടാം. അതു ചര്‍ച്ച ചെയ്യും. അപ്പോള്‍ ഞാന്‍ എന്റെ അഭിപ്രായം പറയും. അതുപോലെ തന്നെ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ അന്‍വര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമായിരുന്നു. പിണറായിസത്തെ എതിര്‍ക്കാന്‍ അന്‍വറിന്റെ സൗകര്യത്തിന് അനുസരിച്ചു തീരുമാനം എടുക്കുമ്പോള്‍ അതുകൂടി പരിഗണിച്ചേ യുഡിഎഫ് പ്രവേശം സംബന്ധിച്ചു തീരുമാനം ഉണ്ടാകുകയുള്ളൂ.
അന്‍വര്‍ രാഷ്ട്രീയമായ നിലനില്‍പിനു വേണ്ടിയാണ് യുഡിഎഫുമായി സഹകരിക്കാമെന്നു പറയുന്നത്. കഴിഞ്ഞ ദിവസം സംഭവിച്ചതിനെക്കുറിച്ചുള്ള പ്രതികരണങ്ങളും ഞാന്‍ മുകളില്‍ പറഞ്ഞ അഭിപ്രായവും വ്യത്യസ്തമാണ്. ഒരു ജനപ്രതിനിധിയെ അര്‍ധരാത്രിയില്‍ ഭീകരവാദിയെപോലെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല. ഒരു ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്ന കേസില്‍ പ്രതിക്ഷേധിക്കാന്‍ ആ ഭാഗത്തെ ജനപ്രതിനിധിക്ക് അവകാശമുണ്ട്. അതിനു രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തതു രാഷ്ട്രീയ പ്രതികാര നടപടി ആണ്. യുഡിഎഫ് നേതാക്കളോടു മുന്‍പ് പൊലീസ് കാണിച്ച സമീപനവും അതുതന്നെയാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തതിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതും സമാനരീതിയിലാണ്. അതിനോടാണ് ഞങ്ങള്‍ക്കു പ്രതിഷേധമുള്ളത്.
അതുപോലെ തന്നെ ഞായറാഴ്ച പോയി വനവകുപ്പിന്റെ ഓഫിസ് അടിച്ചുതകര്‍ത്തുള്ള അന്‍വറിന്റെ സമരമാര്‍ഗത്തോടും വിയോജിപ്പുണ്ട്. ധൈര്യമുണ്ടെങ്കില്‍ വനംമന്ത്രിയുടെ ഓഫിസിലോ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫിസിലോ ആണ് സമാനപ്രതിഷേധം നടത്തേണ്ടിയിരുന്നത്. അതിനൊപ്പം പൊതുമുതല്‍ നശിപ്പിച്ചതിന് എതിരെയാണ് കേസെടുത്തിരിക്കുന്നതെന്നു പറയുന്ന സര്‍ക്കാര്‍ നിലപാടിലും വൈരുദ്ധ്യമുണ്ട്. നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ച ആളെ മന്ത്രിസഭയില്‍ എടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം കോടതിയാണ് തടഞ്ഞത്’’ – ഹസൻ പറഞ്ഞു.
മുന്നണി വിപുലീകരണം സംബന്ധിച്ച് ബിഡിജെഎസ് ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും എം.എം.ഹസന്‍ പറഞ്ഞു. ബിഡിജെഎസ് ആരെയും സമീപിച്ചിട്ടില്ല. അതു സംബന്ധിച്ച് അഭിപ്രായം യുഡിഎഫില്‍ വന്നാല്‍ സാധ്യതകള്‍ പരിശോധിക്കും. ബിഡിജെഎസ് ബിജെപി ബന്ധം അവസാനിപ്പിക്കുകയും വര്‍ഗീയശക്തികളില്‍നിന്നു രാജ്യത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയ തീരുമാനം എടുത്ത് അവര്‍ പുറത്തുവരുമ്പോള്‍ മാത്രം ആലോചിക്കേണ്ട കാര്യമാണതെന്നും ഹസന്‍ വ്യക്തമാക്കി.
പി.വി.അന്‍വർ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ അന്‍വര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘രാഹുല്‍ ഗാന്ധി, ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടിവിളിക്കാന്‍ അര്‍ഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുല്‍ മാറി. നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്സില്‍ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്കാ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.’