നായയെ കണ്ട് കുട്ടികൾ ചിതറിയോടി, ഫസൽ വീട്ടിലെത്തിയെന്ന് കരുതി കൂട്ടുകാർ; ഒടുവിൽ നെഞ്ചുലച്ച് മരണവാർത്ത
Mail This Article
കണ്ണൂർ∙ ഒരുമിച്ച് കളിച്ച കൂട്ടുകാർ അറിഞ്ഞില്ല പ്രിയ സുഹൃത്തായ ഫസലിന്റെ (9) വിയോഗം. കൂട്ടികാർക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ ഫസൽ കിണറ്റിൽ വീഴുകയായിരുന്നു. ഫസൽ വീട്ടിലേക്ക് പോയെന്നാണ് കൂട്ടുകാർ കരുതിയിരുന്നത്. മണിക്കൂറുകൾക്കുശേഷം അറിഞ്ഞത് മരണവാർത്ത. ഫസലിന്റെ മരണം പാനൂർ തൂവക്കുന്ന് ചേലക്കാടിനെ ദുഃഖത്തിലാഴ്ത്തി.
നായയെ കണ്ട് പല ഭാഗത്തേക്കാണ് കുട്ടികൾ ചിതറി ഓടിയത്. നായയെ കണ്ട് പേടിച്ചതിനാൽ ആരും തിരികെ വന്നില്ല. സ്ഥലത്ത് മുതിർന്നവർ ആരും ഉണ്ടായിരുന്നില്ല. സാധാരണ രാത്ര ഏഴു മണിക്ക് മുൻപായി ഫസൽ വീട്ടിലെത്തും. ഏഴു മണിക്കും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയത്.
ഫസലിന്റെ കൂട്ടുകാരുടെ വീട്ടിലെത്തി അന്വേഷിച്ചു. വീട്ടിലേക്ക് പോയെന്നാണ് കൂട്ടുകാർ പറഞ്ഞത്. നായയെ കണ്ട് ഓടിയ കാര്യവും കുട്ടികൾ പറഞ്ഞു. പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും കുട്ടികൾ കളിച്ച സ്ഥലത്ത് തിരച്ചിൽ നടത്തി. കളിസ്ഥലത്തിന് അടുത്തായി വീടിന്റെ നിർമാണം നടക്കുന്നുണ്ട്. വീടിനോട് ചേർന്ന് കാടുമൂടിയ പഴയ കിണറുണ്ട്. ഇത് മൂടാൻ തീരുമാനിച്ചിരുന്നതിനാൽ സംരക്ഷണ ഭിത്തി കെട്ടിയിരുന്നില്ല. സംശയം തോന്നി കിണറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്. സ്ഥലത്ത് തെരുവുനായ ശല്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.