ഊഞ്ഞാലാടാം, മഞ്ഞിൽ മുങ്ങാം, തിരക്കിലൊളിക്കാൻ ‘ബോചെ 1000 ഏക്കർ’; അന്ന് ‘സൺബേൺ’ ലാത്തിച്ചാർജ്
Mail This Article
മേപ്പാടി ∙ 1000 ഏക്കർ സ്ഥലം, ചായപ്പൊടി ഉൽപാദനം മുതൽ കൂറ്റൻ ഊഞ്ഞാൽ വരെ. സൺബേൺ പുതുവത്സര ആഘോഷത്തിലെ തിരക്കു നിയന്ത്രിക്കാൻ പൊലീസിനു ലാത്തിച്ചാർജ് വരെ നടത്തേണ്ടി വന്നു. എതിർപ്പു മൂലം ഈ പുതുവത്സര ആഘോഷം മാറ്റിവയ്ക്കേണ്ടിയും വന്നു. ‘ബോചെ 1000 ഏക്കർ’ മേപ്പാടിയിലെ ബോബി ചെമ്മണൂരിന്റെ എസ്റ്റേറ്റ് മറ്റൊരു ലോകമാണ്. നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വയനാട്ടിലെ ബോബിയുടെ എസ്റ്റേറ്റിൽ നിന്നാണ്.
1000 ഏക്കർ പേരാക്കി, അടിമുടി മാറ്റി
വയനാട്ടിലെ എസ്റ്റേറ്റ് ബോബി ചെമ്മണൂർ വാങ്ങിയത് രണ്ട് വർഷം മുൻപാണ്. തേയില കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു എസ്റ്റേറ്റ്. ആയിരം ഏക്കറാണിത്. അതു കൊണ്ട് ബോബി എസ്റ്റേറ്റ് വാങ്ങിയ ശേഷം ‘ബോചെ തൗസൻഡ് ഏക്കർ’ എന്ന് പേരിട്ടു. എസ്റ്റേറ്റിൽ 600 ഏക്കർ ഏലവും 400 ഏക്കർ തേയിലയുമാണ്. ബോബി ഏറ്റെടുത്തശേഷം എസ്റ്റേറ്റ് അടിമുടി നവീകരിച്ചു. തൊഴിലാളികളെ നിലനിർത്തി.
ചെറുകിട തോട്ടങ്ങളിൽനിന്ന് തേയില വാങ്ങുകയും മറ്റ് കമ്പനികൾക്ക് വിൽക്കുകയും ചെയ്യാൻ തുടങ്ങി. എസ്റ്റേറ്റിനുള്ളിലൂടെയുള്ള റോഡ് നന്നാക്കി പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ തുറന്നു കൊടുത്തു. ഇതിനിടെ ടൂറിസത്തിനും വലിയ പ്രചാരണമാണ് നൽകുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് കൂടുതൽ നിർമാണങ്ങൾ നടന്നുവരികയാണ്. കർണാടകയിൽ നിന്നുൾപ്പെടെ ധാരാളം ആൾക്കാരാണ് ബോചെ 1000 ഏക്കറിലേക്ക് എത്തുന്നത്.
സൈക്കിൾ ചവിട്ടാം, ഊഞ്ഞാലിൽ ആടാം
എസ്റ്റേറ്റ് വാങ്ങിയശേഷമാണ് ബോചെ ടീ എന്ന പേരിൽ ചായപ്പൊടി ഉൽപാദിപ്പിച്ച് വിൽക്കാൻ ആരംഭിച്ചത്. റിസോർട്ടും മറ്റു വിനോദ പരിപാടികളും ആരംഭിച്ചു. ആഡംബര ഹട്ടുകളും ബബിളുകളുമാണ് തേയിലത്തോട്ടത്തിനിടയിൽ നിർമിച്ചത്. കൂടാതെ വലിയ ഊഞ്ഞാൽ, സൈക്ലിങ് തുടങ്ങി നിരവധി വിനോദ പരിപാടികളും ആരംഭിച്ചു. കഴിഞ്ഞ വർഷം സൺബേൺ എന്ന പേരിൽ പുതുവത്സര തലേന്ന് ആഘോഷം സംഘടിപ്പിച്ചു. ആയിരക്കണക്കിനാളുകൾ എത്തിയതോടെ പൊലീസിനു ലാത്തിചാർജ് നടത്തേണ്ടി വന്നു.
ഇക്കൊല്ലവും പുതുവത്സരാഘോഷം സംഘടിപ്പിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം മൂലം നടന്നില്ല. പരിപാടി നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. ജില്ലാ കലക്ടറും പരിപാടിക്ക് അനുമതി നിഷേധിച്ചു. ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പോകുന്ന വഴിക്കാണ് എസ്റ്റേറ്റ്. ദുരന്തമുണ്ടായ സ്ഥലത്ത് ഇത്തരത്തിലൊരു പരിപാടി നടത്തുന്നതിനെ നാട്ടുകാർ എതിർത്തു. തുടർന്ന് പരിപാടി തൃശൂരിലേക്ക് മാറ്റുകയായിരുന്നു.