‘ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ മുച്ചൂടും മുടിക്കും’: ഹമാസിന് ട്രംപിന്റെ ഭീഷണി
Mail This Article
വാഷിങ്ടൻ∙ ജനുവരി 20ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും മുടിക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്നാണ് യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ് അധികാരത്തിൽ കയറുന്നത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണ നാശമെന്നാണു ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്.
-
Also Read
ചർച്ച വീണ്ടും വഴിമുട്ടി; ഗാസയിൽ മരണം 31
‘‘ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അധികാരത്തിൽ കയറുന്നതിനുമുൻപു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആർക്കും ഗുണം ചെയ്യില്ല. ഇതിൽക്കൂടുതൽ ഞാൻ പറയുന്നില്ല. ബന്ദികളെ നേരത്തേതന്നെ വിട്ടയയ്ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബർ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു’’– ഹമാസുമായുള്ള അനുരഞ്ജന ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേയായിരുന്നു ട്രംപിന്റെ രൂക്ഷ പ്രതികരണം.
ചർച്ചകൾ അന്തിമഘട്ടത്തിലാണു നിൽക്കുന്നതെന്നു മധ്യപൂർവേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതൻ ചാൾസ് വിറ്റ്‌കോഫ് പറഞ്ഞു. ‘‘എന്താണ് വൈകുന്നതെന്ന് ഇപ്പോൾ ഞാൻ പറയുന്നില്ല. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ പ്രകാരം ഈ അനുരഞ്ജനം നല്ലരീതിയിൽ മുന്നോട്ടുപോകുന്നു. നാളെ വീണ്ടും ദോഹയിലേക്കു പോകുകയാണ്. ട്രംപ് അധികാരമേൽക്കുമ്പോൾ മികച്ച ഒരു വാർത്ത പറയാനുണ്ടാകും’’ – വിറ്റ്കോഫ് പറഞ്ഞു.