തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയിടഞ്ഞു, ഒരാളെ തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞു; 29 പേർക്ക് പരുക്ക്
Mail This Article
തിരൂർ∙ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയിടഞ്ഞു. 29 പേർക്കു പരുക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരം. ഇന്നലെ രാത്രി ഒരു മണിയോടെയാണു സംഭവം. തുവ്വക്കാട് പോതന്നൂരിൽനിന്ന് ജാറത്തിലെത്തിയ പെട്ടി വരവിൽ ഉണ്ടായിരുന്ന പൊക്കാട് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഈ വരവിൽ അഞ്ച് ആനകൾ ഉണ്ടായിരുന്നു. ജാറം മൈതാനത്ത് എത്തിയ വരവിൽനിന്ന് ശ്രീക്കുട്ടൻ എന്ന ആന പൊടുന്നനെ മുന്നോട്ടു കുതിക്കുകയായിരുന്നു.
തുടർന്ന് ഏഴൂർ മുത്തൂർ സ്വദേശിയും വിശ്വാസിനടുത്ത് താമസക്കാരനുമായ പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടി (55) എന്നയാളെ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞു. ഇയാളെ ഗുരുതര പരുക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന മുന്നോട്ടു കുതിക്കുന്നതിനിടെയാണു മറ്റുള്ളവർക്കു പരുക്കു പറ്റിയത്. ഇവരെ തിരൂർ അന്നാരയിലെയും ആലത്തിയൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഉടനെ മറ്റ് ആനകളെ സ്ഥലത്തുനിന്നു മാറ്റിയിരുന്നു. സംഭവത്തെ കുറിച്ച് പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.