ഹണിറോസിന്റെ പരാതി, രഹസ്യമൊഴി, അതിവേഗം പൊലീസ്; പാഠമായത് നടനെതിരായ കേസിലെ പാളിച്ച
Mail This Article
കൊച്ചി ∙ ‘‘താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയിൽ ശക്തമായി വിശ്വസിക്കുന്നു’’ – പ്രമുഖ വ്യവസായി ബോബി ചെമ്മണൂരിനെതിരെ പൊലീസിൽ പരാതി നൽകിയ ശേഷം നടി ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയാണ്. ആ നിയമവ്യവസ്ഥ ശക്തമായി ഇടപെട്ടതോടെ, പരാതി നൽകി നേരത്തോടു നേരം കഴിയുമ്പോഴേക്കും ബോബി അറസ്റ്റിലായി. ഇതിനു പുറമെ ഹണി റോസ് മജിസ്ട്രേറ്റിനു രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി, ഡിജിപി, എഡിജിപി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ തുടങ്ങിയവരുമായി സംസാരിച്ച ശേഷമാണ് ചൊവ്വ വൈകിട്ട് അഞ്ചരയോടെ ഹണി റോസ് സെൻട്രൽ പൊലീസിനു പരാതി നൽകിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തിൽ സ്പർശിച്ചും ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്നു ഹണി പറഞ്ഞു. ഒരു ജിമ്മിന്റെ ഉദ്ഘാടന സമയത്ത് ദ്വയാർഥ പ്രയോഗം ആവർത്തിച്ചു. അതിനുശേഷം പല അഭിമുഖങ്ങളിലും തനിക്കു നേരെ നടത്തിയ ലൈംഗിക അധിക്ഷേപങ്ങൾ അടക്കമാണ് ഹണി റോസിന്റെ പരാതി. അതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് ബോബിയുടെ നീക്കങ്ങൾ സൈബർ വിഭാഗത്തിന്റെ സഹായത്തോടെ നിരീക്ഷിച്ചു.
മേപ്പാടിയിലുള്ള ‘1000 ഏക്കർ’ എന്ന തേയില എസ്റ്റേറ്റിലെ റിസോർട്ടിൽ ബോബി ഉണ്ടെന്ന് മനസ്സിലായതോടെ രാത്രിയോടെ എറണാകുളം സെൻട്രൽ പൊലീസിൽ നിന്നുള്ള സംഘം ഇവിടേക്ക് പുറപ്പെട്ടു. ഈ വിവരം അറിയിച്ചത് വയനാട് എസ്പി തപോഷ് ബസുമതാരിയെ മാത്രം. അപ്പോഴേക്കും ബോബി, കോയമ്പത്തൂരിൽ നവീകരിച്ച ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനത്തിന് പോകുന്ന വിവരവും പൊലീസ് മനസ്സിലാക്കി. അതോടെ എസ്റ്റേറ്റിലേക്കുള്ള വഴിയിൽ പൊലീസ് കാത്തുകിടന്നു. രാവിലെ ഏഴരയോടെ രണ്ടു വാഹനങ്ങളിലായി പുറത്തേക്കു വന്ന ബോബിയെയും സംഘത്തെയും തടഞ്ഞ് പൊലീസ് പുത്തൂർവയലിലെ എആർ ക്യാംപിലേക്ക് ബോബിയെ കൊണ്ടുപോയി. അവിടെ വച്ച് ഒന്നര മണിക്കൂറോളം പ്രാഥമിക ചോദ്യം ചെയ്യല്‍. തുടർന്ന് 9 മണിയോടെ കൊച്ചിയിലേക്ക്.
വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച ബോബിയുടെ അറസ്റ്റ് 20 മിനിറ്റിനകം രേഖപ്പെടുത്തി. തുടർന്ന് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ബോബിയെ വ്യാഴാഴ്ച തുറന്ന കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പുകളായ ബിഎൻഎസ് 75 (1) (4), ഐടി ആക്ടിലെ 67 എന്നിവയാണ് നിലവിൽ ചുമത്തിയിരിക്കുന്നത് എങ്കിലും ചോദ്യം ചെയ്യലിന്റെയും ഹണി റോസിന്റെ രഹസ്യമൊഴിയുടെയും അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തേണ്ടതുണ്ടോ എന്നതുകൂടി അടിസ്ഥാനമാക്കി റിമാൻഡ് റിപ്പോർട്ട് തയാറാക്കും. തുടർന്നാണ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുന്നതും മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കുന്നതും. ഇത് വ്യാഴാഴ്ച രാവിലെയായിരിക്കും എന്നാണ് സൂചന. സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകരുടെ സംഘം തന്നെ ബോബിക്കു വേണ്ടി രംഗത്തുണ്ട്.
പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ബോബിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താൻ കൊച്ചി പൊലീസിനു കഴിഞ്ഞു. ലൈംഗികാരോപണ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും കസ്റ്റഡിയിലെടുക്കാതിരുന്നതും കൺമുന്നിൽ ഉണ്ടായിട്ടും സുപ്രീം കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിക്കുന്നതു വരെ കാത്തു നിന്നതും വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, സംസ്ഥാനത്തെ പ്രമുഖനായ ഒരു വ്യവസായിയും പ്രമുഖ നടിയും നേർക്കുനേർ വന്ന കേസിൽ പൊലീസ് ദ്രുതഗതിയിൽ നടപടികളിലേക്ക് കടന്നു.