‘എന്റെ പോരാട്ടത്തിന് ഒപ്പംനിന്ന് ശക്തമായ ഉറപ്പുനൽകി’: മുഖ്യമന്ത്രിക്കും പൊലീസിനും നന്ദി പറഞ്ഞ് ഹണിറോസ്
Mail This Article
കൊച്ചി ∙ തന്റെ പോരാട്ടത്തിന് ഒപ്പംനിന്ന് ശക്തമായ നടപടിയെടുത്ത കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ച് നടി ഹണി റോസ്. സമൂഹമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടുമെന്നും പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ലെന്നും ഫെയ്സ്ബുക് കുറിപ്പിൽ ഹണി റോസ് പറഞ്ഞു. ഹണിക്കു പിന്തുണയുമായി നിരവധി പേരാണു കമന്റുകൾ ഇടുന്നത്.
ഹണിറോസിന്റെ കുറിപ്പിന്റെ പൂർണരൂപം
നന്ദി നന്ദി നന്ദി...
ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നുംവേണ്ട ഇക്കാലത്ത്. ഒരു കൂട്ടം സോഷ്യൽമീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാർഥ കമന്റുകളും പ്ലാൻഡ് ക്യാംപെയ്നും മതി. സമൂഹമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പംനിന്ന് ശക്തമായ ഉറപ്പു നൽകി നടപടി എടുത്ത കേരള സർക്കാരിനെ നയിക്കുന്ന പിണറായി വിജയൻ അദ്ദേഹത്തിനും കേരള പൊലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ലോ ആൻഡ് ഓർഡർ എഡിജിപി മനോജ് എബ്രഹാം സർ, എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ സർ, ഡിസിപി അശ്വതി ജിജി മാഡം, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസിപി ജയകുമാർ സർ, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനീഷ് ജോയ് സർ, ബഹുമാനപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കൾ, പൂർണപിന്തുണ നൽകിയ മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, എന്നെ സ്നേഹിക്കുന്നവർ, എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി.