വിവാഹവസ്ത്രമെടുത്ത് മടങ്ങുന്നതിനിടെ അപകടം; പ്രതിശ്രുതവരന് ഗുരുതര പരുക്ക്, അമ്മയും ബന്ധുവും മരിച്ചു
Mail This Article
കണ്ണൂർ∙ ഉളിയിൽ പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർ മരിച്ചു. ഉളിക്കൽ കാലാങ്കി കയ്യുന്നുപാറയിലെ കെ.ടി.ബീന, ബീനയുടെ ഭർത്താവ് തോമസിന്റെ സഹോദരിയുടെ മകൻ മംഗളൂരു സ്വദേശി ലിജോ (37) എന്നിവരാണു മരിച്ചത്. ബീനയുടെ ഭർത്താവ് കെ.എം.തോമസ്, മകൻ കെ.ടി.ആൽബിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആൽബിന്റെ വിവാഹത്തിനായി കൊച്ചിയിൽ വസ്ത്രങ്ങൾ എടുക്കാൻ പോയി കാറിൽ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. തലശ്ശേരിയിലേക്കു പോകുകയായിരുന്ന ബസുമായി ഇവർ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു രാവിലെ 8.10 ഓടെയായിരുന്നു അപകടം.
കാറിൽ കുടുങ്ങിയ യാത്രക്കാരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു പുറത്തെത്തിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. അര മണിക്കൂറോളം ഇരിട്ടി - മട്ടന്നൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു.