‘കല’ക്കീട്ടോ! സ്വർണക്കപ്പ് തൃശൂരിന്, കാത്തിരിപ്പ് കാൽനൂറ്റാണ്ട്; തൊട്ടുപിന്നിൽ പാലക്കാടും കണ്ണൂരും
Mail This Article
തിരുവനന്തപുരം ∙ കാൽനൂറ്റാണ്ടിനു ശേഷം കൗമാരകലയുടെ കിരീടം തൃശൂരിന്റെ ശിരസ്സിൽ. 63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി.
തൃശൂരിന്റെ നാലാം കിരീടനേട്ടമാണിത്. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂർ മുൻപു ജേതാക്കളായത്. അവസാന ദിവസത്തേക്കും ആവേശം നീണ്ട മൽസരത്തിൽ നേരിയ വ്യത്യാസത്തിൽ പോയിന്റ് നില മാറിമറിഞ്ഞുകൊണ്ടിരുന്നതിനാൽ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. മറ്റ് ജില്ലകളുടെ പോയിന്റ് നില – കോഴിക്കോട് – 1000, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 953, കോട്ടയം – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817. സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി. വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
തൃശൂര്‍ ജില്ല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 482 പോയിന്റും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 526 പോയിന്റും നേടി. അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 91 പോയിന്റും സംസ്‌കൃതോത്സവത്തില്‍ 91 പോയിന്റുമാണ് നേടിയത്. പാലക്കാട് എച്ച്എസ് - 481, എച്ച്എസ്എസ്-525, അറബിക്-88, സംസ്‌കൃതം -95 എന്നിങ്ങനെയാണ് പോയിന്റ് നില. കണ്ണൂര്‍ എച്ച്എസ്-479, എച്ച്എസ്എസ്-524, അറബിക് -95, സംസ്‌കൃതം-95 പോയിന്റുകളും നേടി. തൃശൂർ ജില്ല രൂപപ്പെടും മുൻപ് നടന്ന കലോത്സവങ്ങളിൽ 1969, 70 വര്‍ഷങ്ങളില്‍ ഇരിങ്ങാലക്കുട ജേതാക്കളായിരുന്നു.
ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ കേരളത്തിന് അവതരിപ്പിക്കാന്‍ കഴിയുന്ന കാര്യമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലോത്സവത്തില്‍ പങ്കെടുത്തതോടെ പത്തു വയസ്സു കുറഞ്ഞെന്ന തോന്നലാണ് ഉണ്ടാകുന്നത്. കലോത്സവം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ പഠനകാലത്ത് ഒരു കലോത്സവത്തില്‍ പോലും പങ്കെടുക്കാന്‍ കഴിയാതിരുന്ന തനിക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്രയും വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞത് സിനിമ തന്ന നേട്ടമാണെന്ന് നടൻ ആസിഫ് അലി പറഞ്ഞു. സര്‍ഗാത്മകമായ കഴിവുകളും സഹൃദയത്വവും സന്തോഷമായി ജീവിക്കാന്‍ നമുക്കു സഹായകരാകുമെന്നു നടൻ ടൊവിനോ തോമസ് പറഞ്ഞു. കല പ്രഫഷനായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും ജീവിതകാലം മുഴുവനും കല കൈവിടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ആരാധകര്‍ പറഞ്ഞതനുസരിച്ചാണ് കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചെത്തിയയതെന്നും ടൊവിനോ പറഞ്ഞു.