ബോബി ചെമ്മണൂർ അറസ്റ്റിൽ; കൗമാര കലോത്സവത്തില്‍ സ്വർണക്കപ്പെടുത്ത് തൃശൂർ– പ്രധാന വാർത്തകൾ
Mail This Article
ഹണിറോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്തതും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ.
ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിൽ. വയനാട്ടിൽനിന്നു രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തന്റെ പോരാട്ടത്തിന് ഒപ്പംനിന്ന് ശക്തമായ നടപടിയെടുത്ത കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ച് നടി ഹണി റോസ്. സമൂഹമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടുമെന്നും പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ലെന്നും ഫെയ്സ്ബുക് കുറിപ്പിൽ ഹണി റോസ് പറഞ്ഞു. ഹണിക്കു പിന്തുണയുമായി നിരവധി പേരാണു കമന്റുകൾ ഇടുന്നത്.
കാൽനൂറ്റാണ്ടിനു ശേഷം കൗമാരകലയുടെ കിരീടം തൃശൂരിന്റെ ശിരസ്സിൽ. 63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിനു സുപ്രീം കോടതിയുടെ നോട്ടിസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചത്.
ജനുവരി 20ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും മുടിക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്നാണ് യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ് അധികാരത്തിൽ കയറുന്നത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണ നാശമെന്നാണു ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്.