ADVERTISEMENT

കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്നു വീണ് ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്. മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ച ഉമ തോമസ് ‘എല്ലാം ഏകോപിപ്പിക്കുക’ (Coordinate Everything) എന്നും ഇവർക്ക് നിർദേശം നൽകി. തന്റെ അഭാവത്തിലും ഓഫിസ് പ്രവർത്തനങ്ങൾ മുടങ്ങരുതെന്നും കൃത്യമായി പ്രവർത്തിച്ചിരിക്കണമെന്നും അവർ നിർദേശം നൽകിയെന്ന് ഉമ തോമസിന്റെ സോഷ്യൽ മീഡിയ ടീം എംഎൽഎയുടെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച സന്ദേശത്തിൽ പറഞ്ഞു. ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. 

‘‘അപകടം നടന്നിട്ട് ഇന്ന് പത്താം ദിവസം. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് നമ്മുടെ ഉമ ചേച്ചി. ശരീരമാസകലം കലശലായ വേദനയുണ്ട്. ഇന്നലെ ചേച്ചി ബെഡ്ഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ മകൻ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും സോഷ്യൽ മീഡിയ ടീമിനെയും ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ടത്. ഏകദേശം 5 മിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചത്. പിന്നീട് ‘Coordinate Everything’ (എന്നു പറഞ്ഞു). തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവർത്തിക്കണമെന്നും എംഎൽഎയുടെ തന്നെ ഇടപെടൽ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളിൽ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിർദ്ദേശിച്ചു. മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ്‌ അംഗങ്ങൾക്ക് നിർദേശം നൽകി ചേച്ചി. വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചതടക്കം ചേച്ചി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് നൽകുന്നത്. ഒരാഴ്ച കൂടി ചേച്ചി ഐസിയുവിൽ തുടരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ’’– ഉമ തോമസിന്റെ ഫെയ്സ്ബുക്ക് പേജിൽ ഇങ്ങനെ പറയുന്നു. 

ഇക്കഴിഞ്ഞ ഡിസംബർ 29നായിരുന്നു അതിദാരുണമായ അപകടം നടന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി എന്ന പേരിൽ ഒരുക്കിയ 11,600 പേരുടെ നൃത്തപരിപാടിയിൽ മറ്റു വിശിഷ്ടാതിഥികൾക്കൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥലം എംഎൽഎ കൂടിയായ ഉമ തോമസ്. എന്നാൽ കലൂർ സ്റ്റേഡിയത്തിൽ കെട്ടിയ വേദിയില്‍ നിന്ന് ഉമ തോമസ് താഴേക്ക് പതിക്കുകയായിരുന്നു. സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. തുടർന്ന് പൊലീസ് ഇതിന്റെ സംഘാടകരെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. 

വീഴ്ചയിൽ തലച്ചോറിനും ശ്വാസകോശത്തിനുമായിരുന്നു ഉമ തോമസിനു കൂടുതൽ പരുക്കേറ്റത്. ഇതാകട്ടെ, അതീവ ഗുരുതരവുമായിരുന്നു. വാരിയെല്ല് പൊട്ടിയതിനെ തുടര്‍ന്ന് ശ്വാസകോശത്തിൽ കയറിയ രക്തം ഇവിടെ അടിഞ്ഞതായിരുന്നു ഏറെ വെല്ലുവിളിയായത്. എന്നാൽ ഉമ തോമസ് അതിവേഗം ചികിത്സകളോട് പ്രതികരിച്ചു തുടങ്ങിയെന്നും അപകടനില തരണം ചെയ്യുന്നു എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

English Summary:

Uma Thomas : Thrikkakara MLA Uma Thomas, injured in a stage collapse, is recovering well. Her Facebook update details her progress and commitment to her constituency despite being in the ICU.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com